ചെന്നൈ: വിമാനത്താവളത്തിലെ പരിശോധനയിൽ ബാഗേജിൽ നിന്നും സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയതിനെ തുടർന്ന് യുഎസ് പൗരനായ യാത്രക്കാരൻ കസ്റ്റഡിയിൽ. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ഡേവിഡ് (55) എന്ന യാത്രക്കാരനെയാണ് കസ്റ്റഡിയിൽ എടുത്തത്.(Satellite phone in baggage; passenger in custody)
സിംഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറാൻ പോകുമ്പോൾ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡേവിഡിന്‍റെ ജോലിയെക്കുറിച്ചും എന്തിനാണ് സാറ്റലൈറ്റ് ഫോൺ കൈവശം വച്ചത് എന്നതിനെ കുറിച്ചും ഉള്ള അന്വേഷണത്തിലാണ് എയർപോർട്ട് പൊലീസ്.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെയും (ബിസിഎഎസ്) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ചട്ടങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകളുടെ വ്യക്തിഗത ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2008 ലെ മുംബൈ ആക്രമണത്തിന് പിന്നാലെ ടെലികോം വകുപ്പിന്‍റെ മുൻകൂർ അനുമതിയോടെ മാത്രമേ ഇത്തരം ഉപകരണങ്ങൾ അനുവദിക്കൂ. ടെലികോം വകുപ്പിന്‍റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ, ഫോണുകൾ കണ്ടുകെട്ടണമെന്നും ഉപയോക്താവിനെ അറസ്റ്റ് ചെയ്യുമെന്നുമാണ് നിയമം.