തുടക്കത്തിലേ കല്ലുകടി? യുഡിഎഫിൽ വകുപ്പുകളെച്ചൊല്ലി തർക്കം! വിജ്ഞാപനം വൈകാൻ കാരണം മുതിർന്ന നേതാക്കളുടെ അതൃപ്തിയെന്ന് സൂചന
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിൽ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് അവസാന നിമിഷം വരെ അനിശ്ചിതത്വവും അസ്വാരസ്യങ്ങളും തുടരുകയായിരുന്നുവെന്ന് സൂചന. ഇന്നലെ വൈകുംവരെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങാതിരുന്നത് ഇതിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്.
മുൻധാരണപ്രകാരം കെ. മുരളീധരന് വൈദ്യുതി വകുപ്പ് നൽകാനായിരുന്നു തീരുമാനം. എന്നാൽ അതിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയതോടെ ആരോഗ്യം, ദേവസ്വം വകുപ്പുകൾ നൽകി. ആരോഗ്യ വകുപ്പ് ലഭിക്കുമെന്നായിരുന്നു എ.പി. അനിൽകുമാറിന്റെ പ്രതീക്ഷ. പിന്നീട് അദ്ദേഹത്തിന് വൈദ്യുതി വകുപ്പ് നൽകുകയായിരുന്നു. റവന്യു വകുപ്പ് സണ്ണി ജോസഫിന് നൽകിയതും ചർച്ചകൾക്ക് വഴിവച്ചു.
ലത്തീൻ സമുദായത്തിൽ നിന്നുള്ള മന്ത്രിക്ക് പ്രാധാന്യമുള്ള വകുപ്പ് നൽകണമെന്ന ആവശ്യവും ചർച്ചകളിൽ ഉയർന്നു. ആദ്യം തൊഴിൽ വകുപ്പ് നൽകിയിരുന്ന ഷിബു ബേബി ജോണിന് പിന്നീട് വനം വകുപ്പ് നൽകി. ഫിഷറീസ് കൂടി നൽകണമെന്ന ആവശ്യത്തിൽ അഭിപ്രായഭിന്നത ഉണ്ടായതായും റിപ്പോർട്ടുണ്ട്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ധനം, നിയമം, പൊതുഭരണം, തുറമുഖം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും, പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഐ.ടി, ഹജ്ജ്, വഖഫ് വകുപ്പുകളും ലഭിച്ചു. ചില മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീട് ഉണ്ടാകുമെന്ന സൂചനയും നിലനിൽക്കുന്നു.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിലെ വി.ഐ.പി സാന്നിധ്യവുമായി ബന്ധപ്പെട്ടും ഗവർണറും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമെന്ന പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി ഗവർണർ ആദ്യം കൂടുതൽ ഇരിപ്പിടങ്ങൾക്ക് എതിർപ്പ് രേഖപ്പെടുത്തി. പിന്നീട് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയതോടെ അധിക കസേരകൾ അനുവദിക്കുകയായിരുന്നു.
ചടങ്ങിന് ശേഷം ലോക്ഭവനിൽ നടന്ന ചായസത്കാരത്തിനിടെ വേദിയിലെ തിരക്ക് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണറോട് ഖേദം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
English Summary
Differences reportedly emerged within the new UDF government in Kerala over portfolio allocation, delaying the official notification of departments. Changes were made in key ministries following dissatisfaction among some leaders. Meanwhile, disagreements also arose between the Governor and the government over VIP seating arrangements during the swearing-in ceremony.









