ബെംഗളൂരു: ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ ഡിസംബർ 14 മുതൽ ഓടി തുടങ്ങും. കർണാടകയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ സർവീസിന് പ്രൈഡ് ഓഫ് കർണാടകയെന്നാണ് പേരിട്ടിരിക്കുന്നത്.
രണ്ടാമത്തെ സർവീസും ഉടൻ ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു.
ഡിസംബർ 14ന് ബെംഗളൂരുവിൽ നിന്ന് ബന്ദിപുർ, മൈസൂരു, ഹലേബീഡു, ചിക്കമഗളുരു, ഹംപി വഴി ഗോവയ്ക്കാണ് യാത്ര. അഞ്ചു രാത്രിയും ആറ് പകലുമായാണ് ആദ്യ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
രണ്ടാമത്തെ സർവീസ് ജുവൽസ് ഓഫ് സൗത്ത് എന്നാണ് പെരിട്ടിരിക്കുന്നത്. ഡിസംബർ 21ന് ബെംഗളൂരുവിൽ നിന്ന് മൈസൂരു, കാഞ്ചീപുരം, മഹാബലിപുരം, തഞ്ചാവൂർ, ചെട്ടിനാട്, കൊച്ചി, ചേർത്തല എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര പുറപ്പെടും.
ഇതും 5 രാത്രിയും 6 പകലും നീളുന്ന ട്രെയിൻ യാത്രയാണ്. ജനുവരി 4, ഫെബ്രുവരി ഒന്ന്, മാർച്ച് ഒന്ന് തീയതികളിൽ പ്രൈഡ് ഓഫ് കർണാടക സർവീസുകളുണ്ടാകുമെന്നും റെയിൽവെ അറിയിപ്പുണ്ട്. ഫെബ്രുവരി 15ന് ജുവൽസ് ഓഫ് സൗത്ത് ട്രെയിൻ വീണ്ടും സർവീസ് നടത്തും.
ഗോൾഡൻ ചാരിയറ്റ് ട്രെയിനിൽ നിരവധി സൗകര്യങ്ങളുണ്ട്. 13 ഡബിൾ ബെഡ് ക്യാബിനുകൾ, ഭിന്നശേഷിയുള്ളവർക്ക് പ്രത്യേക ക്യാബിൻ തുടങ്ങി ലോകോത്തര ഓൺ-ബോർഡ് സൗകര്യമുണ്ടാകും.
സിസിടിവി ക്യാമറകളും, ഫയർ അലാറം സംവിധാനവും ക്യാബിനുകളിൽ തന്നെ സജ്ജീകരിച്ചിട്ടുണ്ടെന്നതാണ് വലിയ പ്രത്യേക ത. ഫിറ്റ്നസ് പ്രേമികൾക്കായി ആധുനിക വർക്ക്ഔട്ട് മെഷീനുകളും ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്