കുറുവാ സംഘം ഭീതിയുണർത്തിയതിന് പിന്നാലെ തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷണ സംഘമായ ഇറാനി സംഘവും കേരളത്തിലേക്ക്. രണ്ടും നാലും അംഗങ്ങളുള്ള സംഘങ്ങളായി പകൽ സമയത്തുപോലും മറ്റുള്ളവരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
കുറുവാ സംഘത്തെപ്പോലെ ക്രൂരമായ ആക്രമണ രീതികൾ പുറത്തെടുക്കാതെ ഒതുക്കത്തിൽ മോഷണം നടത്തുന്ന സംഘം മോഷണം കഴിഞ്ഞാലുടനെ തമിഴ്‌നാട്ടിലേയ്ക്ക് വണ്ടികയറും. മുൻപ് കോട്ടയത്തും രാജാക്കാട്ടും ജൂവലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയത് ഇറാനി സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് മോഷം നടത്തുന്നതിനിടെ സംഘത്തിലെ രണ്ടുപേർ നെടുങ്കണ്ടത്ത് അറസ്റ്റിലായിരുന്നു. മധുര പെരായിയൂർ സ്വദേശികളായ ഹൈദർ (34), സഹോദരൻ മുബാറക്ക് (19) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തത്.
നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലെ ജൂവലറിയിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് ഹൈദറും മുബാറക്കുമെത്തിയത്. ആഭരണങ്ങൾ കാണുന്നതിനിടെ ഹൈദർ, സ്വർണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കി.
ഇത് ശ്രദ്ധിച്ച കടയുടമ ഇയാളെ പിടികൂടി. കൂടെയുണ്ടായിരുന്ന മുബാറക്ക് കടയിൽനിന്നിറങ്ങി ഓടി. ബസിൽ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ, ശാന്തൻപാറ പോലീസസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും മോഷണക്കേസുകളുണ്ട്.