വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സംഭവം നടന്നത്. ജീവനക്കാർ തമ്മിലുള്ള പ്രശ്നത്തെ ചൊല്ലി എൽ.ഡി.എഫ്, എസ്.ഡി.പി.ഐ, യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ തർക്കത്തിലാവുകയായിരുന്നു. ഇതിനെ തുടർന്ന് കുഴഞ്ഞുവീണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പി ചിരിക്കുകയാണ്.
അഴിയൂർ പഞ്ചായത്ത് അസി. എൻജിനീയർ ഓഫിസിലെ ഓവർസിയറും, പ്ലാൻ ക്ലർക്കും തമ്മിലുള്ള പ്രശ്നത്തിൽ ഭരണസമിതി യോഗത്തിൽ കഴിഞ്ഞ ദിവസം തർക്കം നടന്നിരുന്നു. ആരോപണവിധേയനായ ജീവനക്കാരനെ തസ്തികയിൽനിന്നും മാറ്റാൻ യോഗത്തിൽ തീരുമാനമാവുകയും ചെയ്തിരുന്നു. പക്ഷെ വെള്ളിയാഴ്ച രാവിലെ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും പ്രസിഡന്റിനെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു.
പിന്നാലെ എൽ.ഡിഎഫ്, എസ്.ഡി.പി.ഐ അംഗങ്ങളും യു.ഡി.എഫ് അംഗങ്ങളും തമ്മിൽ വാക്കുതർക്കം നടന്നു. ഇതിനിടെ പ്രസിഡന്റ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മാഹി ഗവ. ആശുപത്രിയിലേക്കും, രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി. പഞ്ചായത്തിലെ പദ്ധതികൾ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇടതു മുന്നണിയും എസ്.ഡി.പി.ഐയും പഞ്ചായത്ത് പ്രസിഡന്റിനെ ഓഫിസിനകത്ത് തടഞ്ഞു വെച്ചതെന്ന് യു.ഡി.എഫ്- ആർ.എം.പി നേതൃത്വം ആരോപിച്ചു.