ഇന്ന് പുലർച്ചെയോടെ ജയിൽവാസം പൂർത്തിയായി! അബ്ദുൾ റഹീമിന്റെ മടക്കയാത്ര ഉടൻ; വികാരനിർഭരമായ നിമിഷങ്ങളുമായി കുടുംബം
കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷയിൽ നിന്ന് മോചിതനായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം ഉടൻ നാട്ടിലെത്തുമെന്ന പ്രതീക്ഷയിൽ കുടുംബം. “ബലിപെരുന്നാളിന് മുൻപ് റഹീം വീട്ടിലെത്തും” എന്ന ആശ്വാസവാക്കുകളോടെയാണ് സഹോദരൻ നസീർ പ്രതികരിച്ചത്.
കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുൾ റഹീമിന്റെ 20 വർഷത്തെ ജയിൽവാസം ഇന്ന് പുലർച്ചെയോടെ പൂർത്തിയാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സിറ്റ് വിസ ലഭിക്കുന്നതോടെ റഹീം നാട്ടിലേക്ക് മടങ്ങാനാകും. നടപടികൾ വേഗത്തിൽ പൂർത്തിയായാൽ ബലിപെരുന്നാളിന് മുൻപ് തന്നെ കേരളത്തിലെത്തുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
ഉമ്മ ഫാത്തിമയ്ക്കും ഇത് വികാരനിമിഷമാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മകനൊപ്പം പെരുന്നാൾ ആഘോഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
റഹീമിനെ മറ്റ് കേസുകളിലെ തടവുകാർക്കുള്ള പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാതെ നേരിട്ട് വിമാനത്തിൽ കയറ്റി നാട്ടിലെത്തിക്കാനാണ് സാധ്യതയെന്ന് റഹീം നിയമസഹായ സമിതി അറിയിച്ചു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള എമർജൻസി സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസി ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.
സ്പോൺസറുടെ മകൻ അനസ് അൽ ശഹ്റിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് 2006ൽ അബ്ദുൾ റഹീം അറസ്റ്റിലായത്. ദീർഘകാല നിയമപോരാട്ടങ്ങൾക്ക് ശേഷം ഒന്നരക്കോടി റിയാൽ ദയാധനം സ്വീകരിച്ച് മോചനം അനുവദിക്കാൻ ശഹ്റി കുടുംബം സമ്മതിച്ചു. കേരളമൊട്ടാകെ ചേർന്ന് സമാഹരിച്ച 34 കോടി രൂപ കൈമാറിയതോടെയാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കപ്പെട്ടത്.
2024 ജൂൺ രണ്ടിനാണ് റിയാദ് കോടതി വധശിക്ഷ റദ്ദാക്കി മോചനത്തിന് വഴിയൊരുക്കിയത്.
English Summary
Abdul Rahim, a Kozhikode native imprisoned in Saudi Arabia for nearly 20 years, is expected to return home soon after completing his jail term.









