ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്ത് കെണിയിലാക്കി! കൊച്ചിയിലെ മോഡലിങ് തട്ടിപ്പിന് പിന്നിൽ വൻ ലഹരി-പെൺവാണിഭ ശൃംഖലയെന്ന് സംശയം; ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ രണ്ട് യുവതികളെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലഹരി-പെൺവാണിഭ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് അന്വേഷണസംഘം സംശയിക്കുന്നു.
സിന്ധുവിനെയും അലീനയെയുംതിരെയാണ് നടപടി. സിന്ധുവിനെ മുംബൈയിൽ നിന്നും അലീനയെ കൊച്ചിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. 25-കാരിയായ ഒരു മോഡൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
മോഡലിങ് അവസരങ്ങളും ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്ത് യുവതിയെ ദുബായിലേക്ക് കൊണ്ടുപോയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അവിടെ എത്തിയ ശേഷം മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി നഗ്‌നദൃശ്യങ്ങൾ പകർത്തിയെന്നും പിന്നീട് അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും പൊലീസ് പറയുന്നു.
പലർക്കും മുന്നിൽ യുവതിയെ ബലമായി എത്തിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി നാട്ടിലെത്തി പരാതി നൽകിയതോടെയാണ് റാക്കറ്റിന്റെ പ്രവർത്തനം പുറത്തറിയുന്നത്. സമാനരീതിയിൽ വഞ്ചിക്കപ്പെട്ട മൂന്ന് യുവതികളുടെ പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൂടുതൽ യുവതികൾ ഈ സംഘത്തിന്റെ വലയിലായിരിക്കാമെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഭീഷണിയും മാനഹാനി ഭയവും കാരണം പലരും പരാതി നൽകാൻ മടിക്കുകയാണെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
അറസ്റ്റിലായ അലീനയ്ക്ക് കൊച്ചിയിലെ ചില ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരവും പൊലീസ് പരിശോധിക്കുന്നു. മോഡലിങ് ഏജൻസികളുടെ മറവിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്തും ലഹരി ബന്ധങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണം തുടരുകയാണ്.
English Summary
Police in Kochi arrested two women in connection with a human trafficking and sexual exploitation case involving young women lured abroad with fake modelling offers. Investigators say the victims were taken to Dubai, drugged, blackmailed using explicit videos, and forced into exploitation. Police suspect a wider trafficking and drug network operating from Kochi and abroad.









