കേരളത്തിൽ ‘ആത്മാർത്ഥ ദാനത്തിന്റെ’ മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ നീക്കം
തൃശൂർ: സംസ്ഥാനത്ത് ‘ആത്മാർത്ഥ ദാനം’ എന്ന പേരിൽ നടക്കുന്ന അവയവ കൈമാറ്റങ്ങളിൽ വൻ വർദ്ധന രേഖപ്പെടുത്തുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചവരിൽ നിന്നുള്ള അവയവദാനം കുറയുന്നതിനിടെയാണ് ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുള്ള അവയവമാറ്റ ശസ്ത്രക്രിയകൾ കുത്തനെ ഉയരുന്നത്. ഇതോടെ അവയവ വ്യാപാര സാധ്യതകളെക്കുറിച്ചുള്ള ആശങ്കയും ശക്തമാകുകയാണ്.
2012ൽ കെ-സോട്ടോ രൂപീകരിച്ച് ‘മൃതസഞ്ജീവനി’ പദ്ധതിക്ക് തുടക്കമിട്ടതിന് പിന്നാലെ മരണാനന്തര അവയവദാനത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ പിന്നീട് ഈ രംഗത്ത് ഇടിവുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2012 മുതൽ 2026 വരെ മരണാനന്തര അവയവദാനത്തിലൂടെ 721 വൃക്കയും 337 കരളും മാത്രമാണ് മാറ്റിവെച്ചത്. അതേസമയം ജീവിച്ചിരിക്കുന്നവരിൽ നിന്ന് 11,238 വൃക്കയും 2,821 കരളും മാറ്റിവെച്ചിട്ടുണ്ട്. ഇതിൽ 95 ശതമാനത്തിലേറെയും സ്വകാര്യ ആശുപത്രികളിലാണെന്നതും ശ്രദ്ധേയമാണ്.
‘മൃതസഞ്ജീവനി’ പദ്ധതിയിൽ വൃക്കയ്ക്കായി കാത്തിരിക്കുന്നവരിൽ ഭൂരിഭാഗവും 40നും 50നും ഇടയിൽ പ്രായമുള്ളവരാണ്. 736 പേരാണ് ഈ വിഭാഗത്തിലുള്ളത്. 30-40 പ്രായപരിധിയിൽ 525 പേരും 50-60 വിഭാഗത്തിൽ 522 പേരും വൃക്കയ്ക്കായി കാത്തിരിക്കുകയാണ്. 20-30 പ്രായമുള്ള 266 പേരും 10-20 പ്രായത്തിലുള്ള 68 പേരും പട്ടികയിലുണ്ട്.
‘ആത്മാർത്ഥ ദാനം’ എന്നത് ബന്ധുവല്ലാത്ത ഒരാൾ സാമ്പത്തിക ലാഭമില്ലാതെ അവയവം ദാനം ചെയ്യുന്ന പ്രക്രിയയാണ്. ഇതിനായി ദാതാവിന് പൊലീസ് നൽകുന്ന ‘അൽട്രൂയിസം സർട്ടിഫിക്കറ്റ്’ ജില്ലാതല അംഗീകാര സമിതിക്ക് മുന്നിൽ ഹാജരാക്കണം. എന്നാൽ വ്യാജരേഖകൾ ഉപയോഗിച്ച് ഇത്തരം സർട്ടിഫിക്കറ്റുകൾ നേടിയ സംഭവങ്ങൾ അടുത്തിടെ പുറത്തുവന്നതോടെ ആശങ്ക വർദ്ധിച്ചു.
കെ-സോട്ടോയുടെ ഓൺലൈൻ പോർട്ടൽ വന്നതോടെ അവയവം ആവശ്യമുള്ളവരുടെ സീനിയോറിറ്റി പട്ടിക കൂടുതൽ സുതാര്യമാക്കിയെന്നാണ് ഫോറൻസിക് വിദഗ്ധൻ ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കിയത്.
English Summary
Kerala is witnessing a sharp rise in “altruistic organ donations,” where living donors donate organs to non-relatives, raising concerns about possible illegal organ trade.









