അമ്മയുടെ കണ്ണുവെട്ടിക്കാനാവില്ല! ആലപ്പുഴയിൽ മകന്റെ ലഹരി ഉപയോഗം കണ്ടെത്തി ലഹരി വിൽപ്പനക്കാരനെ കുടുക്കി ഒരമ്മ
ആലപ്പുഴ: എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ അമ്മയുടെ ബാഗിൽ നിന്നു നിരന്തരം പണം എടുക്കുന്നതിൽ സംശയം തോന്നിയ അമ്മ നടത്തിയ അന്വേഷണമാണ് നിരോധിത പുകയില വിൽപ്പനക്കാരന്റെ അറസ്റ്റിലേക്ക് നയിച്ചത്.
ഇരവുകാട് അച്ചാപ്പു മൻസിലിൽ ഷിജു (49) എന്നയാളെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ പെരുമാറ്റത്തിൽ അസാധാരണ മാറ്റങ്ങൾ ശ്രദ്ധിച്ചതോടെ അമ്മ അന്വേഷണം ആരംഭിച്ചു. മകന്റെ കുളിമുറിയിലെ ടോയ്‌ലറ്റ് ഫ്ലഷ് പരിശോധിച്ചപ്പോൾ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തി.
സംഭവം മകനോട് പറയാതെ, അടുത്ത ദിവസം സ്കൂളിലേക്ക് പോകുന്ന മകനെ പിന്തുടർന്ന് അമ്മയും എത്തി. സ്കൂളിന് സമീപമുള്ള ഒരു കടയിൽ നിന്ന് മകൻ പുകയില ഉൽപന്നങ്ങൾ വാങ്ങുന്നത് അമ്മ നേരിട്ട് കണ്ടു. തുടർന്ന് ഈ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു.
സ്കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിച്ചതോടെ നടത്തിയ പരിശോധനയിൽ ഷിജുവിന്റെ കടയിൽ നിന്ന് രഹസ്യമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മുമ്പും നിരോധിത പുകയില വിൽപ്പനക്കേസുകളിൽ അറസ്റ്റിലായിട്ടുള്ള ഷിജു, ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം വീണ്ടും ഈ വ്യാപാരം ആരംഭിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
English Summary
A mother in Alappuzha tracked her son’s unusual spending and discovered he was buying banned tobacco products. The seller was arrested by police after a joint effort with school authorities.









