കോഴിക്കോട്: പത്തു വയസ്സുകാരി ഉറങ്ങി കിടക്കുന്നത് അറിയാതെ കാർ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയും കാറുമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.(ten year old girl kidnapped in kozhikode; accused arrested)
കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. അടുക്കത്ത് ആശാരിപറമ്പിൽ വിജീഷിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കറിയിൽ നിന്ന് സാധനം വാങ്ങുന്നതിനായാണ് ദമ്പതികൾ വാഹനം നിർത്തിയത്. കുട്ടി കാറിൽ ഉറങ്ങുന്നതിനാൽ കാർ ഓൺ ചെയ്ത് എസി ഇട്ടിരുന്നു. എന്നാൽ ഇതിനിടെ വിജീഷ് കാർ ഓടിച്ചു പോകുകയായിരുന്നു. പെൺകുട്ടി കാറിൽ ഉറങ്ങുന്നത് വിജീഷ് അറിഞ്ഞിരുന്നില്ലെന്നാണു വിവരം.
തുടർന്ന് രണ്ടു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചശേഷം പെൺകുട്ടിയെ റോഡിൽ ഇറക്കിവിട്ടു. ഇതിനിടെ ദമ്പതികൾ നാട്ടുകാരുടെ സഹായത്തോടെ കാറ് പിന്തുടരുകയും നാട്ടുകാർ മറ്റുള്ളവർക്ക് വിവരം നൽകുകയുമായിരുന്നു. ഏറെ ദൂരം പോകുന്നതിന് മുൻപ് നാട്ടുകാർ കാർ തടഞ്ഞു. തുടർന്ന് പൊലീസെത്തി വിജീഷിനെ പിടികൂടുകയായിരുന്നു. വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം.