തൃശൂർ: ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വൻ വരവേൽപ്പ്. ജില്ലാ ആശുപത്രി പരിസരത്തു നിന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ നടന്ന റോഡ് ഷോയിൽ കെ സുരേന്ദ്രനും സുരേഷ്‌ഗോപിയും മഹിളാ മോർച്ച അധ്യക്ഷ അഡ്വ. നിവേദിതയും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. കനത്ത സുരക്ഷയിൽ ആയിരങ്ങളാണ് മോദിയ്ക്ക് അഭിവാദ്യമർപ്പിച്ചത്.
രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തിയത്. മഹിളകൾക്ക് മാത്രമേ സമ്മേളനത്തിൽ പ്രവേശനമുള്ളൂ. മഹിളാ സമ്മേളനത്തിൽ പാർട്ടി പ്രവർത്തകരായ വനിതകൾക്ക് പുറമേ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളും പങ്കെടുക്കുന്നുണ്ട്. നടി ശോഭന, ബീനാ കണ്ണൻ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, മറിയക്കുട്ടി, ക്രിക്കറ്റ് താരം മിന്നു മണി എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നുണ്ട്.
അഗത്തിയിൽ നിന്നു പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ പ്രധാനമന്ത്രി, ഹെലികോപ്റ്റർ മാർഗമാണ് കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തിയത്. തുടർന്ന് റോഡ് മാർഗം തൃശൂരിലെത്തി. റോഡ് മാർഗം ജില്ലാ ജനറൽ ആശുപത്രിക്കു സമീപമെത്തിയ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തെ ബിജെപി നേതാക്കൾ സ്വരാജ് റൗണ്ടിൽ വരവേറ്റു. ജനറൽ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിൽ എത്തുകയായിരുന്നു.
Read Also: സംവിധായകന്‍ ലോകേഷിന്‍റെ മാനസികനില പരിശോധിക്കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി