കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ മുള്ളൻപന്നി ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. പുലർച്ച അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്.
പിതാവ് താജുദ്ദീനൊപ്പം സ്കൂട്ടറിൽ പള്ളിയിലേക്ക് പോകവേ മുള്ളൻ പന്നി റോഡിന് കുറുകെ ചാടുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയും, മുള്ളൻ പന്നിയുടെ മുള്ളുകൾ ശാദിലിന്റെ ശരീരത്തിൽ തുളച്ചു കയറുകയുമായിരുന്നു.
പന്ത്രണ്ടോളം മുള്ളുകളാണ് ശരീരത്തിൽ തറച്ചത്. ഇടത് കൈപ്പത്തിയിൽ തറച്ച മുള്ള് കൈയുടെ മറുഭാഗത്ത് എത്തിയ നിലയിലായിരുന്നു. സാരമായി പരിക്കേറ്റ വിദ്യാർത്ഥി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.