കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി. രാജി വച്ച ഇരുപതോളം പേരും സിപിഎമ്മില്‍ ചേര്‍ന്നു. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെയുള്ളവരാണ് പാര്‍ട്ടി വിട്ടത്.Joined CPI in Kuttanad. About 20 people who resigned joined the CPM
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ നേതൃത്വത്തിലാണ് രാജി വച്ചവരെ സ്വീകരിച്ചത്. മുന്‍പ് സിപിഎം വിട്ട് സിപിഐയില്‍ പോയവരും തിരികെ എത്തിയിട്ടുണ്ട്.
ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് രാജിക്ക് പിന്നില്‍. സംഘടനാ തീരുമാനത്തിന് എതിര് നിന്നതിന്റെ പേരില്‍ ഇവര്‍ക്ക് എതിരെ പാര്‍ട്ടി നടപടിക്ക് ഒരുങ്ങുകയായിരുന്നു എന്നാണ് സിപിഐ പ്രാദേശിക ഘടകത്തിന്റെ വിശദീകരണം.
പതിവില്‍ നിന്നും വിഭിന്നമായി സിപിഐ പല ജില്ലകളിലും വിമത പ്രശ്നം നേരിടുന്നുണ്ട്. മലപ്പുറം പൂക്കോട്ടൂരില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഒന്നടങ്കമാണ് പാര്‍ട്ടി വിട്ടത്. മൂന്നൂറോളം പേരാണ് രാജി വച്ചത്. ഇതോടെ പഞ്ചായത്തില്‍ സിപിഐ പ്രവര്‍ത്തനം നാമമാത്രമായി മാറി.
പാലക്കാടും സിപിഐ അതിരൂക്ഷമായ വിമതപ്രശ്നം നേരിടുന്നുണ്ട്. സേവ് സിപിഐ എന്ന സംഘടന രൂപീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. എഐവൈഎഫിന് സമാന്തരമായി യുവജന സംഘടനയും ഇവര്‍ രൂപീകരിച്ചിരുന്നു.
പാലക്കാട്ടെ വിമതര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച് സിപിഐയുടെ മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായിലിന് എതിരെ നടപടിക്ക് പാര്‍ട്ടിയില്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
പാലക്കാട് ജില്ലാ നേതൃത്വമാണ് ഇസ്മായിലിന് എതിരെ ശക്തമായ നടപടിവേണമെന്ന ആവശ്യം ഉയര്‍ത്തിയത്. ഈ സമയത്ത് തന്നെയാണ് ആലപ്പുഴയിലും സിപിഐ വിമത പ്രശ്നം നേരിടുന്നത്