തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ നിലപാട് തിരുത്തി സര്‍ക്കാര്‍.Govt reverses stand on appointment of Special Public Prosecutor in Kodinji Faisal murder case
ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനും കോഴിക്കോട് സ്വദേശിയുമായ അഡ്വ. കുമാരന്‍കുട്ടിയെ കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കുന്നതിന് സര്‍ക്കാറിന് എതിര്‍പ്പില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈകോടതിയെ അറിയിച്ചു.
ഫൈസലിന്റെ ഭാര്യ ജസ്‌ന നല്‍കിയ പരാതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ അപേക്ഷ നൽകി മാസങ്ങള്‍ കാത്തിരുന്നിട്ടും പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ജസ്‌ന ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
അഡ്വ. കുമാരന്‍ കുട്ടിയെ നിയമിക്കണമെന്നായിരുന്നു ജസ്‌നയുടെ അപേക്ഷ. എന്നാല്‍, മാസങ്ങള്‍ക്കുശേഷം അഡ്വ. പി.ജി. മാത്യുവിനെ സര്‍ക്കാര്‍ നിയമിച്ചെങ്കിലും അടുത്ത ദിവസംതന്നെ അദ്ദേഹം രാജിവെച്ചു.
അഡ്വ. കുമാരന്‍കുട്ടിയെതന്നെ വേണമെന്ന ആവശ്യത്തിൽ ജസ്‌ന ഉറച്ചുനിന്നതിനെത്തുടർന്ന് പ്രതിഷേധം തെരുവിലേക്ക് നീണ്ടിരുന്നു. യൂത്ത്‌ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും പ്രതിഷേധ സംഗമവും നടന്നിരുന്നു