മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസുമായി ബന്ധപ്പെട്ട് ഒരു മുൻ ഉദ്യോഗസ്ഥനെ കൂടി അറസ്റ്റ് ചെയ്തു.
2019ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പ്രവർത്തിച്ചിരുന്ന ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.
2019ൽ ശബരിമല ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുന്ന സമയത്ത് എ ഒ ആയിരുന്നു ശ്രീകുമാർ.
ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് ഫയൽ നീക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.
എന്നാൽ കേസുമായി ബന്ധപ്പെട്ട രേഖകളിലും തീരുമാനങ്ങളിലുമുള്ള നിർണായക പങ്ക് കണക്കിലെടുത്താണ് അറസ്റ്റ് ചെയ്തതെന്ന് എസ്ഐടി വ്യക്തമാക്കി.
എസ്ഐടിയുടെ കണ്ടെത്തൽ പ്രകാരം, 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ വാസു നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിൽ ഉപയോഗിച്ച സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് സൂചന.
മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍
ഇതുസംബന്ധിച്ച് എൻ വാസുവും വിശദീകരണം നൽകിയിട്ടുണ്ട്. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനം എടുക്കുന്നതിനായി ദേവസ്വം ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും, പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് തന്റെ വിരമിക്കലിന് ശേഷമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഇതിനിടെ ശബരിമല സ്വർണ കൊള്ള കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് മറ്റന്നാൾ ഉണ്ടാകും.
ഹർജിയിൽ ഇഡിയുടെയും എസ്ഐടിയുടെയും വാദങ്ങൾ പൂർത്തിയായിട്ടുണ്ട്. കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി എഫ്ഐആർ, റിമാൻഡ് റിപ്പോർട്ട് അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്.
എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്ന കാരണത്താൽ രേഖകൾ കൈമാറുന്നതിൽ എസ്ഐടി ശക്തമായ എതിർപ്പ് രേഖാമൂലം അറിയിച്ചു.
ഇഡിക്ക് രേഖകൾ നൽകുന്നത് യഥാർത്ഥ പ്രതികളിലേക്കെത്താനുള്ള അന്വേഷണത്തെ ദുർബലപ്പെടുത്തുമെന്നും എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
ഇതേസമയം, ഇഡിയുടെ അന്വേഷണം എങ്ങനെ എസ്ഐടിയുടെ അന്വേഷണത്തെ ബാധിക്കുന്നുവെന്ന ചോദ്യം പ്രോസിക്യൂഷൻ ഉന്നയിച്ചു.
അതേസമയം, കേസിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും, ഹൈക്കോടതിയുടെ അനുമതിയോടെയാണ് രേഖകൾ ആവശ്യപ്പെട്ടതെന്നും ഇഡി വിജിലൻസ് കോടതിയിൽ വാദിച്ചു.
രണ്ട് അന്വേഷണ ഏജൻസികൾ തമ്മിലുള്ള നിലപാട് വ്യത്യാസം കേസ് കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. ശബരിമല സ്വർണ കൊള്ള കേസിലെ അന്വേഷണം ഏത് ദിശയിലേക്കാണ് നീങ്ങുക എന്നതിലാണ് ഇനി എല്ലാവരുടെയും ശ്രദ്ധ.








