ബെംഗളൂരു: ഭക്ഷ്യവിഷബാധയെ തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ഗോകുല എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ഹോസ്റ്റലിലാണ് സംഭവം. മേഘാലയ സ്വദേശി കെർക്കാങ് (13) ആണ് മരിച്ചത്. ഹോളിയുടെ ഭാഗമായി നടത്തിയ പരുപാടിയിൽ ബാക്കിവന്ന ഭക്ഷണം കഴിച്ചതാണ് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
ഇതേ ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥിയും ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും, ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഭക്ഷണം നൽകിയ ഹോട്ടൽ ഉടമ സിദ്ധരാജു, ഗോകുല വിദ്യാസമസ്ത സെക്രട്ടറി ലങ്കേഷ്, അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച നടന്ന ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഒരു വ്യവസായി ഭക്ഷണം വിതരണം നടത്തിയിരുന്നു. ഇതിൽ ബാക്കിവന്ന ഭക്ഷണം വൈകുന്നേരത്തോടെ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മേഘാലയ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള 24 വിദ്യാർത്ഥികളും പരിസര പ്രദേശത്ത് നിന്നുള്ള ആറ് വിദ്യാർത്ഥികളുമാണ് ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ചയോടെ കുട്ടികളുടെ ആരോഗ്യനില മോശമാകാൻ തുടങ്ങി, തുടർന്ന് മലവള്ളി പട്ടണത്തിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അവരെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി പ്രവേശിപ്പിച്ചു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി വ്യവസായി സംഘടിപ്പിച്ച ഹോളി ആഘോഷത്തിൽ പങ്കെടുത്ത 40 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് ലഭിക്കുന്ന വിവരം.