മുംബൈ: ഒരു പെൺകുട്ടി പുരുഷനൊപ്പം ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതും റൂമിൽ പോകുന്നതും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുതെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജ് ബെഞ്ചിന്റേതാണ് നിരീക്ഷണം. യുവാവിനെ ബലാത്സംഗ കുറ്റത്തിൽനിന്നും ഒഴിവാക്കിയ 2021 മാർച്ചിലെ വിചാരണക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
കേസിനാസ്പദമായ സംഭവത്തിൽ ഹോട്ടൽ മുറി ബുക്ക് ചെയ്‍തത് പെൺകുട്ടിയുടെ അറിവോടെയാണ്. അതിനാൽ യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും പെൺകുട്ടിക്ക് സമ്മതമായിരുന്നു എന്നാണ് ഇതിനർത്ഥമെന്നായിരുന്നു വിചാരണക്കോടതിയുടെ നിരീക്ഷണം. തുടർന്ന് പ്രതിയായി ആരോപിക്കപ്പെട്ട ഗുൽഷർ അഹമ്മദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നും കോടതി വിധിച്ചു.
എന്നാൽ വിചാരണക്കോടതിയുടെ ഉത്തരവിൽ വ്യക്തമായ പിശക് സംഭവിച്ചുവെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരയ്‌ക്ക് വിദേശ രാജ്യത്ത് സ്വകാര്യ ജോലി നൽകാമെന്ന് പ്രതി വാഗ്ദാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് യുവതിയെ ഹോട്ടലിൽ കൂട്ടിക്കൊണ്ട് പോകുന്നത്. അതിക്രമം നടന്നയുടൻ തന്നെ ഇര പരാതി നൽകിയിട്ടുണ്ട്. യുവതിയും കുറ്റാരോപിതനും ഒരുമിച്ച് മുറിയിൽ കയറി എന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി അനുമാനിക്കുന്നത് തെറ്റാണ്. അതിനാൽ പ്രതി കുറ്റക്കാരനാണെന്നും കോടതി വിധിച്ചു.