ബെംഗളൂരു: സ്വർണ്ണം കടത്താൻ താൻ പഠിച്ചത് യൂട്യൂബ് വഴിയെന്ന് പിടിയിലായ നടി രന്യ റാവു. റവന്യൂ ഇന്റലിജൻസ് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. താൻ സ്വർണം കടത്തുന്നത് ആദ്യമായിട്ടാണെന്നും, യൂട്യൂബ് വീഡിയോകൾ കണ്ടാണ് സ്വർണം കടത്തുന്നതെങ്ങനെയെന്ന് പഠിച്ചതെന്നും രന്യ മൊഴി നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പരിചയമില്ലാത്ത വിദേശ ഫോൺ നമ്പറുകളിൽ നിന്നും വന്ന കോളുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് താൻ പ്രവർത്തിച്ചതെന്നും നടി പറഞ്ഞു. മാർച്ച് 1 നും തനിക്ക് അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നിരുന്നുവെന്നും, ദുബായ് എയർപോർട്ടിൻ്റെ ഗേറ്റ് എയിലേക്ക് തന്നോട് ചെന്ന് സ്വർണം വാങ്ങി ബെംഗ്ലൂരുവിൽ ഏൽപ്പിക്കാനുമായിരുന്നു ആവശ്യപ്പെട്ടിരുന്നതെന്നും രന്യ വെളിപ്പെടുത്തി.
എയർപോർട്ടിലെ റെസ്റ്റ് റൂമിലെത്തി ജീൻസിലും, ഷൂവിലുമായി സ്വർണം ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് പിടിക്കപ്പെട്ടത്. ആഫ്രിക്കൻ അമേരിക്കൻ ഇംഗ്ലീഷ് സംസാരിക്കുന്നയാളാണ് തന്നെ വിളിച്ചതെന്നും രന്യ പറഞ്ഞു. എയർപോർട്ട് ടോൾ ഗേറ്റിന് സമീപമുള്ള സർവീസ് റോഡിലെത്തി സിഗ്നലിന് സമീപമുള്ള ഒരു ഓട്ടോയിൽ സ്വർണം വെക്കാനായിരുന്നു ഇയാൾ പറഞ്ഞിരുന്നത്, പക്ഷെ ഓട്ടോയുടെ നമ്പൾ തനിക്ക് ലഭിച്ചില്ലെന്നും നടി ചോദ്യം ചെയ്യലിൽ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ രന്യ റാവുവിൻ്റെ വി ഐ പി ബന്ധം കണ്ടെത്താൻ സിബിഐ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ
നടിക്ക് സഹായം നൽകിയ ബെംഗളൂരു വിമാനത്താവളത്തിലെ നാല് പ്രോട്ടോക്കോൾ ഓഫീസർമാർക്കും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്.
ദുബായിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് രന്യ റാവുവിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 3 നാണ് ശരീരത്തിൽ സ്വർണം ഒളിപ്പിച്ച നിലയിൽ നടി പിടിയിലായത്. ഇതിനെ തുടർന്ന് രന്യയുടെ ബെംഗളൂരു ലാവല്ലേ റോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡിആർഐ സംഘം അഞ്ച് കോടി രൂപയുടെ സ്വർണവും പണവും കണ്ടെടുത്തിരുന്നു.