കാസർഗോഡ്: കാസർഗോഡ് ഡോക്ടറിൽ നിന്ന് രണ്ട് കോടി 23 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. രാജസ്ഥാൻ ജോധ്പൂർ സ്വദേശി സുനിൽ കുമാർ ജെൻവർ (24) ആണ് പിടിയിലായത്. ഓൺലൈൻ പാർട് ടൈം ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി ഉയർന്നു.
കാസർഗോഡ് സൈബർ ക്രൈം പൊലീസ് രാജസ്ഥാനിലെ ജോധ്പുരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നൽകുന്ന സംഘത്തിലെ കാസർഗോഡ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീദാസൻ എംവി, എഎസ് ഐ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ, ദിലീഷ് എന്നിവരാണ് പ്രതിയെ തിരഞ്ഞ് രാജസ്ഥനിൽ എത്തിയത്. ശേഷം ശാസ്ത്രി നഗർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കേരളത്തിൽ എത്തിച്ചത്.
ബാങ്കിൽ നൽകിയിരുന്ന രാജസ്ഥാനിലെ വിലാസത്തിൽ പ്രതിയെ തേടി എത്തിയപ്പോൾ തട്ടിപ്പിന് ശേഷം താമസം മാറിയെന്നാണ് മനസിലായത്. എന്നാൽ വാടക വീട് അന്വേഷിച്ചെത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലുമായിരുന്നു. പിന്നീട് അയൽവാസികളോടും മറ്റും അന്വേഷണം നടത്തിയതിൽ നിന്നും പ്രതിയുടെ അച്ഛന് സുഖമില്ലാതെ ആശുപത്രിയിലാണെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആശുപത്രിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ശില്പ ഡി ഐപിഎസിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുനിൽ കുമാർ (ഇൻചാർജ്) ന്റെ നേതൃത്വത്തിൽ എസ് ഐ ശ്രീദാസ് എം വി, എ എസ് ഐ പ്രശാന്ത് കെ, SCPO നാരായണൻ എം, ദിലീഷ് എം എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കേസിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്.