പാലക്കാട്: പാലക്കാട് ആലത്തൂരിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദനത്തിന് ഇരയാക്കിയത്. വടക്കഞ്ചേരി കണക്കൻതുരുത്തി നാസറിനെയാണ് തിങ്കളാഴ്ച രാത്രി തട്ടിക്കൊണ്ടുപോയി മർദിച്ചത്.
സംഭവത്തിൽ വടക്കഞ്ചേരി സ്വദേശി ഫൈസൽ, കിഴക്കഞ്ചേരി സ്വദേശി ബിജു എന്നിവരെ ആലത്തൂർ പൊലീസ് പിടികൂടി. പഴ കച്ചവടം സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
നെന്മാറ ഗോമതിക്ക് സമീപം രാത്രി പതിനൊന്നരയോടെ നാസറിൻറെ വാഹനത്തിന് മുൻപിൽ പ്രതികൾ വാഹനം കുറുകെയിട്ട് ബലമായി പിടിച്ചിറക്കി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഉടൻ തന്നെ നാസറിൻറെ ഡ്രൈവർ വടക്കഞ്ചേരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി വാഹനം തടഞ്ഞെങ്കിലും നിർത്താതെ പോവുകയായിരുന്നു. പിന്തുടർന്ന പൊലീസ് ഇവരെ കിഴക്കഞ്ചേരി കണ്ണംകുളത്ത് വെച്ചാണ് പിടികൂടിയത്.