2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ വധത്തിന് പിന്നിൽ ആര്?
ന്യൂഡൽഹി: 2019ലെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രധാന പ്രതികളിലൊരാളായി കരുതപ്പെടുന്ന ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തിലാണ് ഹംസ ബുർഹാന് വെടിയേറ്റത്. ഒന്നിലധികം വെടിയുണ്ടകൾ ശരീരത്തിൽ തട്ടിയതിനെ തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്നതിലോ കൊലപാതകത്തിന്റെ ലക്ഷ്യം എന്താണെന്നതിലോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
അർജുമന്ത് ഗുൽസാർ ദർ എന്നാണ് ഹംസ ബുർഹാന്റെ യഥാർഥ പേര്. 2022ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇയാളെ ഭീകരവാദിയായി പ്രഖ്യാപിച്ചത്.
2019 ഫെബ്രുവരിയിൽ ജമ്മു-കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ നടുക്കിയ ആക്രമണമായിരുന്നു അത്.
English Summary
Hamza Burhan, an alleged mastermind linked to the 2019 Pulwama terror attack, was reportedly shot dead by unidentified assailants in Muzaffarabad in Pakistan-occupied Kashmir. Authorities have not officially confirmed the motive or those behind the killing.









