ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത് വൈറൽ!
മുംബൈ: ഐപിഎൽ പോരാട്ടത്തിനിടെ സഞ്ജു സാംസണും ഹെയ്ൻറിച് ക്ലാസനും തമ്മിലുണ്ടായ വാക്കേറ്റം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി. പൊതുവേ ഗ്രൗണ്ടിൽ ശാന്തസ്വഭാവക്കാരനായി അറിയപ്പെടുന്ന സഞ്ജു, ക്ലാസന്റെ പ്രകോപനത്തിന് മറുപടി നൽകുന്ന ദൃശ്യങ്ങൾ ആരാധകരെ അമ്പരപ്പിച്ചു.
എന്നാൽ മത്സരം കഴിഞ്ഞതോടെ ഇരുവരും സൗഹൃദ സന്ദേശങ്ങളുമായി രംഗത്തെത്തി. കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ഗ്രൗണ്ടിലെ സംഭവങ്ങൾ അവിടെ അവസാനിക്കുന്നതാണെന്ന് വ്യക്തമാക്കിയത്.
“ഗ്രൗണ്ടിൽ പല കാര്യങ്ങളും സംഭവിക്കും. പക്ഷേ ക്ലാസനെ എനിക്ക് വളരെ ഇഷ്ടമാണ്, അദ്ദേഹത്തോട് വലിയ ബഹുമാനവുമുണ്ട്,” എന്നായിരുന്നു സഞ്ജുവിന്റെ കുറിപ്പ്.
അതിന് മറുപടിയായി ക്ലാസൻ, “സഞ്ജുവിന്റെ കളി കാണാൻ എനിക്ക് ഇഷ്ടമാണ്. നിങ്ങളെ ഞാൻ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. നമ്മുടെ അടുത്ത പോരാട്ടത്തിനായി കാത്തിരിക്കുന്നു,” എന്ന് കുറിച്ചു.
മത്സരത്തിനിടെ താരങ്ങൾക്കെതിരെ നടപടി ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ബി.സി.സി.ഐ നടപടിയൊന്നും പ്രഖ്യാപിച്ചിട്ടില്ല.
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്നിങ്സിന്റെ 15ാം ഓവറിലായിരുന്നു വിവാദ സംഭവങ്ങൾ. നൂർ അഹമ്മദിന്റെ പന്തിൽ സഞ്ജു നടത്തിയ മിന്നൽ സ്റ്റംപിങിലൂടെ ക്ലാസൻ പുറത്തായി. റീപ്ലേ ദൃശ്യങ്ങളിൽ ഔട്ട് വ്യക്തമായതോടെ ക്ലാസൻ അസ്വസ്ഥനായി പ്രതികരിക്കുകയായിരുന്നു.
വിക്കറ്റ് ആഘോഷിക്കുന്നതിനിടെ ക്ലാസൻ സഞ്ജുവിനരികിലെത്തി എന്തോ പറഞ്ഞതോടെ സഞ്ജുവും പ്രതികരിക്കുകയായിരുന്നു. തുടർന്ന് ശിവം ദുബെ ഉൾപ്പെടെയുള്ള താരങ്ങൾ ഇടപെട്ട് ഇരുവരെയും മാറ്റി നിർത്തി. പിന്നാലെ സഞ്ജു ഫീൽഡ് അംപയറോട് പരാതി പറയുന്നതും കാണാമായിരുന്നു.
അതേസമയം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് വിജയത്തോടെ പ്ലേ ഓഫിലേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 180 റൺസെടുത്തു.
മറുപടി ബാറ്റിങിൽ ഹൈദരാബാദ് 19 ഓവറിൽ അഞ്ച് വിക്കറ്റിന് 181 റൺസ് നേടി വിജയം സ്വന്തമാക്കി. ഇഷാൻ കിഷൻ 47 പന്തിൽ 70 റൺസ് നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ക്ലാസൻ 26 പന്തിൽ 47 റൺസും നേടി.
English Summary
Sanju Samson and Heinrich Klaasen grabbed attention after a heated on-field exchange during the IPL match between Chennai Super Kings and Sunrisers Hyderabad. However, both players later shared friendly social media posts, making it clear that the rivalry ended on the field.
Sanju Samson, Heinrich Klaasen, IPL 2026, Chennai Super Kings, Sunrisers Hyderabad, Ishan Kishan, Cricket News, IPL Clash, Kerala Cricket, Sports News









