പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ നാടകീയ രംഗങ്ങൾ
തിരുവനന്തപുരം: തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി ടി.കെ. ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്തു. പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിനിടെയായിരുന്നു ചടങ്ങ്.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് കൈകൊടുത്ത ശേഷമാണ് ടി.കെ. ഗോവിന്ദൻ പ്രതിജ്ഞ ചൊല്ലിയത്. സഭയിൽ ഈ ദൃശ്യം പ്രത്യേക ശ്രദ്ധനേടി.
സി.പി.എം കണ്ണൂർ സെക്രട്ടേറിയറ്റിന്റെ മുൻ അംഗമായിരുന്ന ടി.കെ. ഗോവിന്ദന്റെ സത്യപ്രതിജ്ഞ രാഷ്ട്രീയ നിരീക്ഷകരും പ്രവർത്തകരും ആകാംക്ഷയോടെയാണ് നിരീക്ഷിച്ചത്. പ്രതിജ്ഞ ചെയ്യാനായി നടുത്തളത്തിലെത്തിയ അദ്ദേഹത്തെ യുഡിഎഫ് അംഗങ്ങൾ കൈയടിയോടെയാണ് സ്വീകരിച്ചത്.
അതേസമയം, ആദ്യം പിണറായി വിജയൻ ഇരുന്ന ഭാഗത്തേക്ക് നടന്നെത്തി അദ്ദേഹത്തിന് കൈകൊടുത്ത ശേഷമാണ് ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്തത്.
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിയാണ് ടി.കെ. ഗോവിന്ദൻ നിയമസഭയിലെത്തിയത്.
പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകൾ ഉയർന്നിരുന്നു. ഒടുവിൽ 12,551 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.കെ. ഗോവിന്ദൻ വിജയിച്ചത്.
English Summary
T.K. Govindan took oath as MLA from Taliparamba in the Kerala Assembly after greeting Opposition Leader Pinarayi Vijayan with a handshake. The moment drew attention in the House, especially as Govindan had defeated P.K. Shyamala in a key political contest.









