മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!
തിരുവനന്തപുരം: നഗരത്തിൽ ആട്, മാട് മാംസവിൽപ്പനയ്ക്ക് ലൈസൻസ് സംവിധാനം ഏർപ്പെടുത്താൻ കോർപ്പറേഷൻ തീരുമാനം. കുന്നുകുഴിയിലെ ആധുനിക അറവുശാല പ്രവർത്തനസജ്ജമായ സാഹചര്യത്തിലാണ് നടപടി.
ആടുകളുടെയും മാടുകളുടെയും മാംസം ഭക്ഷ്യയോഗ്യമാണെന്ന് പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷമേ വിപണിയിൽ എത്തിക്കൂ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി മാംസവ്യാപാരികളുടെ യോഗം ഉടൻ വിളിച്ചുചേരും.
മാടുകളെ കശാപ്പ് ചെയ്യാൻ 1500 രൂപയും ആടുകൾക്ക് 300 രൂപയും വ്യാപാരികളിൽ നിന്ന് ഈടാക്കും. മൃഗങ്ങളെ കോർപ്പറേഷന്റെ അറവുശാലയിലെത്തിച്ച് ആരോഗ്യപരിശോധനയും കശാപ്പും പൂർത്തിയാക്കിയ ശേഷമേ വ്യാപാരികൾക്ക് കൈമാറുകയുള്ളൂ.
അറവുശാലയുടെ പ്രവർത്തനവും പരിപാലനവും അടുത്ത പത്ത് വർഷത്തേക്ക് M R Farms എം.ആർ ഫാംസ് എന്ന സ്ഥാപനത്തിനാണ് കൈമാറിയിരിക്കുന്നത്.
കശാപ്പിന് മുമ്പ് മൃഗങ്ങളെ പാർപ്പിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിശോധന നടത്തിയ ശേഷമായിരിക്കും കശാപ്പ്. തുടർന്ന് മാംസത്തിന് വിശദമായ പരിശോധനയും നടത്തും.
മാംസം ശുചിത്വത്തോടെ വേർതിരിക്കാനും സൂക്ഷിക്കാനും പ്രത്യേക സംവിധാനങ്ങളും ശീതീകരണ സൗകര്യങ്ങളും അറവുശാലയിൽ സജ്ജമാക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റും ആധുനിക മാലിന്യശുദ്ധീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അവശിഷ്ട മാലിന്യങ്ങൾ മത്സ്യ തീറ്റയും വളവും പോലുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം 75 ആടുകളെയും 50 മാടുകളെയും കശാപ്പ് ചെയ്യാനുള്ള ശേഷിയുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ബയോഗ്യാസ് പ്ലാന്റിലുണ്ടായ തകരാറുകളും മാലിന്യശുദ്ധീകരണ സംവിധാനങ്ങളുടെ അപര്യാപ്തതയും കാരണം പഴയ അറവുശാല 2018ൽ മലിനീകരണ നിയന്ത്രണ ബോർഡ് അടച്ചുപൂട്ടിയിരുന്നു.
നീണ്ട നിർമാണപ്രവർത്തനങ്ങൾക്ക് ശേഷമാണ് പുതിയ അറവുശാല തയ്യാറായത്. കഴിഞ്ഞ ആഴ്ച നടന്ന പരീക്ഷണ പ്രവർത്തനം വിജയകരമായതോടെ ഉടൻ തന്നെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്നാണ് വിവരം.
English Summary
Thiruvananthapuram Corporation is introducing a licensing system for goat and cattle meat sales after modernizing its slaughterhouse at Kunnukuzhi. The facility includes veterinary inspection, cold storage, waste treatment systems, and can process up to 75 goats and 50 cattle daily.









