വൈക്കിങ് കാലഘട്ടത്തിനും മുൻപുള്ള യോദ്ധാവിന്റെ വാൾ! മണ്ണിൽ പുതഞ്ഞുകിടന്ന അമൂല്യ നിധി കണ്ടെത്തിയ സ്കൂൾ കുട്ടിയുടെ കഥ
ഓസ്ലോ: സാധാരണ സ്കൂൾ വിനോദയാത്രയ്ക്കിടെ ആറുവയസ്സുകാരൻ നടത്തിയ അപൂർവ കണ്ടെത്തൽ ലോകശ്രദ്ധ നേടുന്നു. നോർവേയിലെ ഇൻലാൻഡെറ്റ് കൗണ്ടിയിൽ നടന്ന സ്കൂൾ യാത്രയ്ക്കിടെയാണ് ഹെൻറിക് റെഫ്സ്നെസ് മോർട്ടെവെറ്റ് എന്ന കുട്ടി ഏകദേശം 1,300 വർഷം പഴക്കമുള്ള വാൾ കണ്ടെത്തിയത്.
സഹപാഠികളോടും അധ്യാപകരോടുംൊപ്പം വയലിലൂടെ നടക്കുന്നതിനിടെ ഭൂമിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന തുരുമ്പിച്ച ലോഹവസ്തുവാണ് ഹെൻറിക്കിന്റെ ശ്രദ്ധയിൽപ്പെട്ടത്. അസാധാരണമായി തോന്നിയ വസ്തുവിനെക്കുറിച്ച് കുട്ടി ഉടൻ തന്നെ അധ്യാപകരെ അറിയിക്കുകയായിരുന്നു.
വസ്തു സ്വമേധയാ പുറത്തെടുക്കാൻ ശ്രമിക്കാതെ അധ്യാപകർ പുരാവസ്തു ഗവേഷകരെ വിവരം അറിയിച്ചതാണ് വാൾ കേടുപാടുകൾ കൂടാതെ സംരക്ഷിക്കാൻ സഹായിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് ഏകദേശം 1,300 വർഷം പഴക്കമുള്ള അപൂർവ വാളാണെന്ന് സ്ഥിരീകരിച്ചത്.
ഗവേഷകരുടെ വിലയിരുത്തലുപ്രകാരം, വൈക്കിങ് കാലഘട്ടത്തിന് മുൻപുള്ള മെറോവിംഗിയൻ കാലഘട്ടത്തിൽ, ഏകദേശം എഡി 550 മുതൽ 880 വരെയുള്ള സമയത്താണ് ഈ വാൾ നിർമ്മിക്കപ്പെട്ടത്.
കണ്ടെത്തിയ വാൾ ഇപ്പോൾ Museum of Cultural History ലേക്ക് മാറ്റിയിട്ടുണ്ട്. ശക്തമായ തുരുമ്പ് പിടിച്ച നിലയിലായതിനാൽ എക്സ്-റേ പരിശോധനയും ലോഹഘടനാ പഠനവും ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് ഗവേഷകരുടെ ശ്രമം.
ചരിത്രപരമായി വലിയ പ്രാധാന്യമുള്ള ഹഡലാൻഡ് മേഖലയിലാണ് ഈ കണ്ടെത്തൽ നടന്നത്. പുരാതന കൃഷിയിടങ്ങളും ശവകുടീരങ്ങളും അയൺ ഏജ് കാലഘട്ടത്തിലെ അവശിഷ്ടങ്ങളും ഈ പ്രദേശത്തെ പുരാവസ്തു ഗവേഷണത്തിന് പ്രധാന കേന്ദ്രമാക്കുന്നുണ്ട്.
വാൾ ഒരു യോദ്ധാവിന്റേതോ ഉയർന്ന പദവിയുള്ള കർഷകന്റേതോ ആയിരിക്കാമെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം.
2018-ൽ സ്വീഡനിൽ ഒരു തടാകത്തിൽ നിന്ന് എട്ട് വയസ്സുകാരൻ കണ്ടെത്തിയ 1,500 വർഷം പഴക്കമുള്ള വാളും ലോകശ്രദ്ധ നേടിയിരുന്നു. അതുപോലെ തന്നെ, ഹെൻറിക്കിന്റെ കണ്ടെത്തലും പുരാവസ്തു ചരിത്രത്തിൽ ശ്രദ്ധേയമായ സംഭവമായി മാറുകയാണ്.
English Summary
A six-year-old boy in Norway discovered a rare 1,300-year-old sword during a school trip in Innlandet County. Experts believe the weapon dates back to the Merovingian period before the Viking Age, and it is now being examined by archaeologists in Oslo.









