ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ ‘കോസ്റ്റ് ഡൗൺ മോഡ്’? അറിയാം
ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളിൽ കൈവിട്ടുള്ള അപകടകരമായ അഭ്യാസങ്ങൾ തടയാൻ പുതിയ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. വാഹനത്തിന്റെ ഹാൻഡിലിൽ രണ്ട് കൈകളും ഉണ്ടെന്ന് ഉറപ്പാക്കുന്ന ‘ഹാൻഡ്‌സ് ഫ്രീ’ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് തീരുമാനം.
ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്സ് കമ്മിറ്റി ഇതിനായുള്ള കരട് മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. വാഹന നിർമ്മാതാക്കളുടെ പ്രതിനിധികളും സമിതിയിലെ അംഗങ്ങളാണ്.
പുതിയ സംവിധാനപ്രകാരം വാഹനം ഓടിക്കുമ്പോൾ ഒരു കൈ ഹാൻഡിലിൽ നിന്ന് മാറ്റിയാൽ മൂന്ന് സെക്കൻഡിനുള്ളിൽ ഓഡിയോ അലർട്ടും ഡിസ്‌പ്ലേ മുന്നറിയിപ്പും ലഭിക്കും. എട്ട് സെക്കൻഡിനുശേഷവും രണ്ട് കൈകളും ഹാൻഡിലിൽ തിരിച്ചെത്തിയില്ലെങ്കിൽ വാഹനത്തിന്റെ വേഗം സ്വമേധയാ കുറയുന്ന ‘കോസ്റ്റ് ഡൗൺ മോഡ്’ പ്രവർത്തിക്കും.
കൂടാതെ, രണ്ട് കൈകളും ഹാൻഡിലിൽ ശരിയായി വയ്ക്കാതെ എൻജിൻ സ്റ്റാർട്ട് ചെയ്യാൻ കഴിയാത്ത ‘ഇഗ്നിഷൻ ലോക്ക്’ സംവിധാനവും ഉൾപ്പെടുത്തും.
പുതിയ സുരക്ഷാ സംവിധാനങ്ങൾ വാഹനങ്ങളുടെ വിലയിൽ ചെറിയ വർധനവുണ്ടാക്കാനിടയുണ്ടെങ്കിലും റോഡ് സുരക്ഷ വർധിപ്പിക്കാൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
English Summary
The central government is planning to introduce a new safety system in two-wheelers to prevent riders from removing their hands from the handlebar while driving. The proposed “hands-free” technology will trigger alerts, reduce vehicle speed automatically, and even prevent engine ignition if both hands are not placed properly on the handlebar.









