കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക്. കൗമാര കലയുടെ ആദ്യ ദിനം പിന്നിട്ടപ്പോൾ 217 പോയിന്റുമായി കഴിഞ്ഞ വർഷത്തെ ജേതാക്കളായ
കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 215 പോയിന്റ് നേടി കണ്ണൂർ, തൃശൂർ ജില്ലകൾ രണ്ടാം സ്ഥാനത്ത് തുടരുന്നു. രണ്ടാം ദിനമായ ഇന്ന് 60 ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, ഹയർസെക്കൻഡറി നാടകം, ഭരതനാട്യം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടൻതുള്ളൽ, കഥകളി, ചെണ്ടമേളം, ബാൻഡ്മേളം തുടങ്ങിയ മത്സരങ്ങൾ ഇന്ന് വേദികളിൽ അരങ്ങേറും.
കലോത്സവത്തിന്റെ ആദ്യ ദിനം തന്നെ ഏറെ വൈകിയാണ് മത്സരങ്ങൾ അവസാനിച്ചത്. പല മത്സരങ്ങളും തുടങ്ങാന്‍ വൈകി. വേദി നാലിൽ നാലു മണിക്ക് തുടങ്ങേണ്ടിയിരുന്ന കോൽക്കളി മത്സരം തുടങ്ങിയത് രാത്രി 8 മണിക്കാണ്. മത്സരം പുലർച്ചെ രണ്ട് മണിവരെ നീണ്ടു. രാത്രിയോടെ ജില്ലയില്‍ മഴയും പെയ്തു. എന്നാൽ മഴയെ അവഗണിച്ച് രാത്രി വൈകിയും കലോത്സവ പന്തലില്‍ വൻ ജന തിരക്കാണ് അനുഭവപ്പെടുന്നത്.
അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പതിവുപോലെ അപ്പീലുകൾക്ക് ഇക്കുറിയും കുറവില്ല. സംസ്ഥാന കലോത്സവത്തിന്റെ ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ശേഷം ഒരു മണിക്കൂറാണ് ഹയർ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി. തേവള്ളി ഗവ. മോഡൽ ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ അപ്പീൽ കമ്മിറ്റി ഓഫിസ് പ്രവർത്തനം ആരംഭിച്ചു. സമയപരിധി കഴിഞ്ഞ് അപേക്ഷ പരിഗണിക്കുന്നതല്ലെന്നും രാത്രി 8.00 മണിക്ക് ശേഷം വരുന്ന മത്സര ഫലത്തിന്മേൽ മത്സരാർഥികൾക്ക് അടുത്ത ദിവസം രാവിലെ 10 മണി വരെ ഹയർ അപ്പീൽ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു.
Read Also: 05.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ