തിരുവനന്തപുരം: തിരുവനന്തപുരം മൈലക്കരയിൽ ശാരീരിക അവശതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു. മൈലക്കര സ്വദേശിനി ഗ്രേസിയാണ് മരിച്ചത്. ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗ്രേസിയെ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഒൻപത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യ വിദഗ്ദർ നടത്തിയ പരിശോധനയിൽ ഗ്രേസിയുടെ ശരീരത്തിൽ വിഷാംശം ഉണ്ടെന്ന് കണ്ടെത്തി.
സംഭവത്തിന് പിന്നാലെ ഗ്രേസിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ മഞ്ജു രംഗത്തെത്തുകയായിരുന്നു. ഗ്രേസിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മഞ്ജു നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ചതിനെ തുടർന്ന് നെയ്യാർ ഡാം പൊലീസ് ഗ്രേസിയുടെ വീട്ടിലെത്തി പരിശോധന നടത്തി.