മലപ്പുറം: സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മലപ്പുറം വണ്ടൂരിലാണ് അപകടമുണ്ടായത്. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്.(Wild boar hit; scooter passenger died)
അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പത്ത് വയസ്സുകാരനായ മകനും പരുക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ എളക്കൂര്‍ നിരന്നപരമ്പിൽ വെച്ചായിരുന്നു സംഭവം. അപകടത്തെ തുടർന്ന് നൗഷാദിനെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലും, തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് നാല് മണിയോടെയാണ് മരണം സംഭവിച്ചത്.
ഐഎന്‍ടിയുസി വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ്, മലപ്പുറം ജില്ല വെട്രന്‍സ് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, വണ്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്ന ആളായിരുന്നു നൗഷാദ്. സംസ്‌കാരം നാളെ നടക്കും.