ചേർത്തല: കക്ക വാരി വള്ളത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ 12 തൊഴിലാളി സംഘം കായലിലെ പോളയിൽ കുടുങ്ങി. വേമ്പനാട് കായലിൽ ചെങ്ങണ്ട വിളക്കുമരം പാലത്തിനു സമീപമാണ് രണ്ടു സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ കുടുങ്ങിയത്. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ആറുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കരയിലേക്ക് എത്തിക്കാനായത്.(boat carrying a group of 12 workers got stuck in the moss)
9 വള്ളങ്ങളിലായാണ് തൊഴിലാളികൾ കക്ക വരാനായി പോയത്. പോളേക്കടവ് പുന്നത്താഴ് നികർത്ത് ശശി (60),അഴകത്തറ വസുമതി(63),തൈക്കാട്ടുശേരി വഞ്ചിപ്പുരയ്ക്കൽ ബിജു (46),അമ്പാടിയിൽ കെ.കെ.ശിവദാസൻ(52),പുതവൽ നികർത്ത് സുനി(47),വാല്യത്തറ വി.കെ.സുനിൽ(45),പള്ളിപ്പുറം മേക്കെവെളി ഗിരിജ (58), കൃഷ്ണാലയം ബിജു(46),തുറവൂർ കമലായത്തിൽ അനിരുദ്ധൻ(56), പുതുവൽ നികർത്ത് സാബു(51), ആര്യക്കരവീട്ടിൽ സുഭഗൻ(60), കുട്ടൻചാൽ ബിനുവാലയത്തിൽ തിലകൻ(65) എന്നിവരാണ് കുടങ്ങിയത്.
ഇന്നലെ പുലർച്ചെ വേമ്പനാട് കായലിൽ കക്ക വാരിയതിനുശേഷം ചെങ്ങണ്ട കായൽ വഴി വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10 മണിയോടെയാണ് ഇവർ കുടുങ്ങിയത്. മണിക്കൂറുകളോളം പരിശ്രമിച്ചെങ്കിലും സമീപത്തെ കരയിലേക്ക് വള്ളം അടുപ്പിക്കാൻ സാധിച്ചില്ല. തുടർന്നാണ് ഉച്ചയ്ക്ക് രണ്ടരയോടെ പ്രദേശവാസികൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.