തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ
തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് ജോസഫ് വിജയ് രംഗത്തെത്തിയിരിക്കുകയാണ്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന 717 മദ്യവിൽപന ശാലകൾ അടച്ചുപൂട്ടാനാണ് പുതിയ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
ഈ സ്ഥാപനങ്ങളുടെ 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ കടകളും പൂട്ടണമെന്നാണ് കർശന നിർദേശം. നിലവിലുള്ള ചട്ടപ്രകാരം 50 മീറ്റർ ദൂരപരിധിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും, വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ഈ പരിധി അരകിലോമീറ്ററായി വിജയ് സർക്കാർ വർധിപ്പിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തമിഴ്‌നാട്ടിലെ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അക്രമങ്ങളും വലിയ ചർച്ചയായിരുന്നു.
ലഹരി മാഫിയയെ അടിച്ചമർത്തുമെന്ന് പല വേദികളിലും വിജയ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇപ്പോൾ 717 മദ്യശാലകൾക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186-ഉം, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276-ഉം, ബസ് സ്റ്റാൻഡുകൾക്ക് അടുത്തുള്ള 255-ഉം ടാസ്മാക് ഷോപ്പുകളാണ് രണ്ടാഴ്ചയ്ക്കകം പൂട്ടേണ്ടത്. സംസ്ഥാനത്താകെ 4765 ടാസ്മാക് കേന്ദ്രങ്ങളാണുള്ളത്.
മുൻ സർക്കാരുകളുടെ കാലത്ത് ടാസ്മാക് ലൈസൻസുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളും സ്‌കൂൾ കുട്ടികൾക്കിടയിലുള്ള മദ്യപാന ശീലവും തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ഡിഎംകെ സർക്കാരിനെ പ്രതിരോധത്തിലാക്കിയ ടാസ്മാക് അഴിമതി കേസിൽ അന്വേഷണം പുരോഗമിക്കവെയാണ് പുതിയ സർക്കാരിന്റെ ഈ നിർണ്ണായക നീക്കം.
മുൻപ് ജയലളിതയും സ്റ്റാലിനും കുറഞ്ഞ എണ്ണം മദ്യശാലകൾ അടച്ചുപൂട്ടാൻ ശ്രമിച്ചിരുന്നുവെങ്കിലും, അധികാരമേറ്റ് മൂന്നാം ദിവസം തന്നെ ഇത്രയും വലിയൊരു സംഖ്യ മദ്യശാലകൾ പൂട്ടാൻ ഉത്തരവിട്ടതിലൂടെ തന്റെ രാഷ്ട്രീയ നിലപാട് വിജയ് വ്യക്തമാക്കുകയാണ്.








