തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ മരിച്ച അഞ്ച് പേരുടെയും മൃതദേഹം സംസ്കരിച്ചു. പ്രതി അഫാൻ്റെ പിതാവിന്‍റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫര്‍സാന, പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരുടെ മൃതദേഹമാണ് സംസ്കരിച്ചത്. ഫർസാനയുടെ സംസ്കാര ചടങ്ങുകളായിരുന്നു ആദ്യം നടന്നത്.
ഫർസാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വീട്ടിൽ എത്തിച്ചു. തുടർന്ന് പൊതുദർശനത്തിന് ശേഷം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ ഖബറടക്കി. പ്രതിയുടെ അനുജൻ അഹ്സാൻ്റെയുൾപ്പടെ ബാക്കി നാല് പേരുടെയും മൃതദേഹം പേരുമല ജംഗ്ഷനിൽ പൊതുദർശനത്തിന് ശേഷം താഴെ പാങ്ങോട് ജുമാ മസ്ജിദിൽ ആണ് ഖബറടക്കിയത്.
പ്രതി അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണം. ചുറ്റിക കൊണ്ടാണ് തുടര്‍ച്ചയായി തലയില്‍ അടിച്ചത്. അഞ്ചുപേരുടെയും തലയോട്ടി തകര്‍ന്നു. പെണ്‍കുട്ടിയുടെയും അനുജന്റെയും തലയില്‍ പലതവണ അടിച്ചു. പെണ്‍കുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്. എല്ലാവരുടെയും തലയില്‍ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.