ജപ്പാനിലെ ഈ ഗ്രാമത്തിൽ നിറയെ പാവകളാണ്. വെറും പാവകൾ അല്ല യഥാർത്ഥ മനുഷ്യരുടെ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള പാവകൾ. അതിൽ കൊച്ചുകുട്ടികൾ ഉണ്ട്, വൃദ്ധന്മാർ ഉണ്ട്, യുവതി യുവാക്കൾ ഉണ്ട്. This village in Japan is full of life-sized dolls.
എന്തിനാണ് ഈ ഗ്രാമവാസികൾ ഇങ്ങനെ ഗ്രാമം മുഴുവൻ പാവകളെ കൊണ്ട് നിറച്ചിരിക്കുന്നത് എന്നല്ലേ ? അതിന് പിന്നിൽ ഒരു കാരണമുണ്ട്.
ഗ്രാമത്തിൽ ജനസാന്ദ്രത തീരെ കുറവാണ്. ആകെ താമസിക്കുന്നത് 60 പേരും ഒരു കുഞ്ഞു മാത്രം. തങ്ങൾ ഒറ്റയ്ക്കല്ല, തിരക്കിനിടയിലാണ്, തങ്ങൾക്കൊപ്പം ആളുകൾ ഉണ്ട് എന്ന് തോന്നുന്നതിനായാണ് അവർ ഈ പല വലുപ്പത്തിലുള്ള പാവകളെ സ്ഥാപിച്ചിരിക്കുന്നത്.
പാവകളിൽ ചിലത് സൈക്കിളിൽ ഇരിക്കുകയാണ്. ചില പാവകൾ ജോലി ചെയ്യുന്ന രൂപത്തിലുള്ളതാണ്. ഊഞ്ഞാലിൽ ആടുകയും വെള്ളം കോരുകയും ചെയ്യുന്ന തരത്തിലുള്ള പാവകളെയും സ്ഥാപിച്ചിരിക്കുന്നു.
”ഇപ്പോൾ ഗ്രാമത്തിൽ ഞങ്ങളെക്കാൾ കൂടുതൽ എണ്ണം ഈ പാവകളാണ്, അതിൽ ഞങ്ങൾ സന്തോഷവാന്മാരുമാണ്”. 88 കാരനായ ഹിസായോ യമസാക്കി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
ഈ ഗ്രാമം പണ്ട് ഇങ്ങനെ ആയിരുന്നില്ല. ഇവിടുത്തെ മുതിർന്ന ഗ്രാമവാസികൾക്ക് എല്ലാം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ പഠിക്കാനായി ഗ്രാമം വിട്ട് പുറത്തുപോയ ഇവരാരും പിന്നീട് തിരിച്ചുവന്നില്ല. പട്ടണങ്ങളിൽ തന്നെ വീടുകൾ വാങ്ങി താമസം ആരംഭിച്ചതോടെ ഗ്രാമം ഒറ്റപ്പെട്ടു. ഇവർക്കൊപ്പം പോകാൻ മാതാപിതാക്കളെ തയ്യാറാകാതെ വന്നതോടുകൂടി ഗ്രാമത്തിൽ വൃദ്ധർ മാത്രമായി.
ഗ്രാമം ഇപ്പോഴുള്ളതുപോലെ തുടരുകയാണെങ്കിൽ, ഞങ്ങളെ കാത്തിരിക്കുന്നത് വംശനാശം മാത്രമാണ്,” ഗ്രാമത്തിന്റെ ഭരണസമിതിയുടെ തലവനായ 74 കാരനായ ഇച്ചിറോ സവായാമ പറയുന്നു.
ഗ്രാമം ഉപേക്ഷിച്ചുപോയ തങ്ങളുടെ കൊച്ചുമക്കളുടെ ശൂന്യത നികത്തുന്നതിനായി പല വലുപ്പത്തിലുള്ള കുഞ്ഞുങ്ങളുടെ രൂപങ്ങളും ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഗ്രാമത്തിൽ ഇപ്പോൾ ആകെയുള്ള ഒരു കുഞ്ഞ് അവിടെ എത്തിയതിനു പിന്നിലും ഒരു കഥയുണ്ട്.
കൊവിഡ്-19 പകർച്ചവ്യാധിയുടെ കാലത്ത് ഹൈബ്രിഡ് തൊഴിൽ സംസ്കാരം ആരംഭിച്ചപ്പോൾ ആ ഗ്രാമം തേടിയെത്തിയ ദമ്പതികൾ ആയിരുന്നു 33 കാരിയായ റൈ കാറ്റോയും 31 കാരനായ തോഷികി കാറ്റോയും. പട്ടണത്തിലെ തിരക്കിനിടയിൽ നിന്നും മാറി ശാന്തമായ ഒരു സ്ഥലം അന്വേഷിക്കുന്നതിനിടയിലാണ് ഇരുവരും ഇവിടെ എത്തിപ്പെട്ടത്.
ഈ ഗ്രാമത്തിൽ താമസമാക്കിയ ദമ്പതികൾക്ക് വൈകാതെ മകൻ ജനിച്ചു. കുറനോസുകെ കാറ്റോ എന്ന അവൻ ഇപ്പോൾ ഗ്രാമത്തിലെ കണ്ണിലുണ്ണിയാണ്. ഇവിടെ ജനിച്ചതിലൂടെ അവൻ ലോകത്തിലെ സ്വർഗ്ഗതുല്യമായ സ്ഥലത്താണ് ഇപ്പോൾ ജീവിക്കുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു.