ചെന്നൈ: അണ്ണാ സര്‍വകലാശാലാ ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഖ്യ പ്രതി പോലീസ്പിടിയില്‍. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് അന്വേഷണ സംഘം അറിയിച്ചു. 37കാരനായ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
ഇന്ന്ഉച്ചയോടെ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം മടങ്ങിയ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. രണ്ടു പേര്‍ ചേര്‍ന്നു സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തതായി കോട്ടൂര്‍പുരം പൊലീസ് പറഞ്ഞു. കോട്ടൂര്‍പുരം അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ഭാരതിരാജനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.