എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ
കോഴിക്കോട്: യുഡിഎഫ് നേതാക്കളുമായി നടന്നത് വ്യക്തിപരമായ സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്നും അതിന് രാഷ്ട്രീയ അർത്ഥമില്ലെന്നും ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ വ്യക്തമാക്കി.
ആർജെഡി എൽഡിഎഫ് വിടുന്ന കാര്യം പരിഗണനയിൽ പോലും ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആർജെഡി യുഡിഎഫിലേക്ക് ചേക്കേറാൻ നീക്കം നടത്തുന്നുവെന്ന പ്രചാരണങ്ങളോടാണ് പ്രതികരണം.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകൾ മുന്നണിയിൽ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ചിലയിടങ്ങളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചർച്ചയിലൂടെ പരിഹരിക്കുമെന്നും വ്യക്തമാക്കി.
ഇടുക്കി അടിമാലി പുതുശ്ശേരി ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടി ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ, ഒമ്പത് വർഷത്തെ ഇടതുഭരണത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും ശ്രദ്ധേയ നേട്ടങ്ങൾ ഉണ്ടെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.
വോട്ടർ പട്ടികയിൽ നിന്ന് രാഷ്ട്രീയ താത്പര്യപ്രകാരമുള്ള പേരുകൾ നീക്കം ചെയ്യാനാണ് ഇലക്ഷൻ കമ്മീഷൻ എസ്ഐആർ നടപ്പാക്കുന്നതെന്നും, കമ്മീഷൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉപസംഘടനയായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം പോലും മാറ്റിയെഴുതാനുള്ള കേന്ദ്ര സർക്കാർ ശ്രമം അപകടകരമാണെന്നും പറഞ്ഞു. പാർട്ടി നേതൃസ്ഥാനങ്ങളിലേക്ക് യുവാക്കളും, സ്ത്രീകളും, പിന്നാക്ക വിഭാഗക്കാരും കടന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കോയ അമ്പാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ടി.എം. ഷെരീഫ്, എം.കെ. ജോസഫ്, കൊച്ചറ മോഹനൻ നായർ, വിൻസൻറ് കട്ടിമറ്റം, ജോൺ തോട്ടം, സോമശേഖരൻ നായർ,
പി.കെ. തങ്ങൾക്കുട്ടി, ഡോ. ബിജു, ജോൺസൺ ചാക്കോ, ബിജു തങ്കപ്പൻ, കെ.കെ. ദിലീപ് കുമാർ, ഇ. ചാൾസ് തുടങ്ങിയവർ സംസാരിച്ചു.
ഇതിനിടെ, ആർജെഡിയെ യുഡിഎഫിലേക്ക് എത്തിക്കാൻ നീക്കങ്ങൾ സജീവമാണെന്ന വാർത്തകൾ ശക്തമാണ്. ഇതിനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശ്രേയാംസ് കുമാറും ചർച്ച നടത്തിയെന്നും സൂചനയുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി മുന്നണി മാറണമെന്നാണ് യുഡിഎഫിന്റെ താൽപ്പര്യമെങ്കിലും, അത് സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും മുന്നണി മാറ്റമില്ലെന്നും ആർജെഡി വീണ്ടും വ്യക്തമാക്കി.
മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ആർജെഡിയെ തിരികെ എത്തിക്കാൻ യുഡിഎഫ് ശ്രമിക്കുന്നതിനു പിന്നിൽ എൽഡിഎഫുമായി ആർജെഡി നേരിടുന്ന കടുത്ത അസംതൃപ്തിയുമുണ്ട്.
യുഡിഎഫിനൊപ്പം നിൽക്കുമ്പോൾ 7 നിയമസഭാ സീറ്റും, ഒരു ലോക്സഭാ സീറ്റും, ഒരു രാജ്യസഭാ സീറ്റും പാർട്ടിക്ക് ലഭിച്ചിരുന്നു.
എന്നാൽ എൽഡിഎഫിൽ എത്തിയതോടെ പിന്തുണ കുറഞ്ഞതായും, 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 3 സീറ്റുകൾ മാത്രമാണ് ലഭിച്ചതെന്നും പാർട്ടി വിലയിരുത്തുന്നു.
എം.പി. വീരേന്ദ്രകുമാറിനു നൽകിയ രാജ്യസഭാ സീറ്റ് പിന്നീട് എം.വി. ശ്രേയാംസ് കുമാറിന് ലഭിച്ചെങ്കിലും നിലവിലെ കാലാവധിക്ക് ശേഷം വീണ്ടും പരിഗണിച്ചില്ല.
ഏകാംഗ കക്ഷികൾക്ക് പോലും മന്ത്രിസ്ഥാനം പങ്കിട്ടു നൽകിയിട്ടും ആർജെഡിയെ ഒഴിവാക്കിയതും, ബിഹാറിൽ സിപിഎമ്മിനും സിപിഐക്കും 2 സീറ്റുകൾ നൽകിയിട്ടും കേരളത്തിൽ ആർജെഡിക്ക് ന്യായമായ പരിഗണന നൽകിയില്ലെന്നതുമാണ് പ്രധാന അസംതൃപ്തികൾ.
English Summary
RJD Kerala chief M.V. Shreyams Kumar clarified that his meeting with UDF leaders was purely personal and not political, asserting that RJD has no plans to leave the LDF. Amid reports of UDF attempts to bring RJD into the alliance before local body elections, he maintained that talks were only friendly discussions.
rjd-udf-ldf-alliance-speculation-shreyams-kumar-clarifies-kozhikode
RJD, UDF, LDF, M.V Shreyams Kumar, Kerala Politics, Alliance Politics, Local Body Elections, Ramesh Chennithala, CPM, Seat Sharing, Kerala News, Front Politics









