മലപ്പുറം മുൻ എസ്പി സുജിത് ദാസ് SP Sujit Das ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നത് ഹൈക്കോടതി The High Court തടഞ്ഞു. ആരോപണവിധേയനായ സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. കേസിൽ ഹൈക്കോടതി നിർദേശം വരുന്നതുവരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകരുതെന്നാണ് ഉത്തരവ്.
ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവ് നൽകിയിരുന്നു. വീട്ടമ്മയുടെ പരാതിയിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാനായിരുന്നു മജിസ്ട്രേറ്റിന് കോടതി നൽകിയ നിർദേശം. ഇതേത്തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്.
പരാതിയിൽ കേസെടുക്കാൻ വൈകിയതിനേയും സിംഗിൾ ബെഞ്ച് വിമർശിച്ചിരുന്നു. ആരോപണ വിധേയർക്കെതിരെ കേസടുക്കണമെന്ന റിപ്പോർട്ടും മജിസ്ട്രേറ്റ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.കേസ് നടപടികളെ കുറിച്ച് മജിസ്ട്രേറ്റിൽ നിന്നും റിപ്പോർട്ട് തേടിയത് ശരിയല്ലെന്നും ഇടക്കാല ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതും ശരിയല്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. കേസ് എടുക്കണമെന്ന വിധി നിയമപരമല്ലെന്നും സുപ്രീം കോടതി വിധികൾക്ക് വിരുദ്ധവുമാണെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. തുടർന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നത് അല്ലെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തുകയായിരുന്നു.