തിരുവനന്തപുരം: പൊതു തെളിവെടുപ്പുകൾ പൂർത്തിയായ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് റെഗുലേറ്ററി കമീഷൻ വൈകാതെ ഉത്തരവിറക്കും.Regulatory Commission to increase electricity rates in the state without delay
കെ.എസ്.ഇ.ബി ശിപാർശ ചെയ്ത ‘സമ്മർ താരിഫ്’ അംഗീകരിക്കാൻ ഇടയില്ലെങ്കിലും മറ്റ് ആവശ്യങ്ങൾ പരിഗണിക്കാനാണ് സാധ്യത. നിലവിലെ നിരക്കിന്റെ കാലാവധി ജൂൺ 30ന് അവസാനിച്ചിരുന്നു.
തുടർന്ന് ഈ മാസം 30 വരെയും പിന്നീട് ഒക്ടോബർ 31 വരെയോ പുതിയ നിരക്ക് സംബന്ധിച്ച ഉത്തരവ് വരുന്നതുവരെയോ നിലവിലെ നിരക്ക് തുടരുമെന്ന് റെഗുലേറ്ററി കമീഷൻ വ്യക്തമാക്കിയിരുന്നു.
തെളിവെടുപ്പുകളിൽ ലഭിച്ച കണക്കുകളും നിർദേശങ്ങളും കമീഷൻ പരിഗണിച്ചുവരികയാണ്. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ ഇടപെടാതെ പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ഭാരം ഉപഭോക്താക്കളിൽ അടിച്ചേൽപിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് തെളിവെടുപ്പുകളിൽ ഉയർന്നത്.
2024-25ൽ യൂനിറ്റിന് 30.19 പൈസയുടെ വർധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. സമ്മർ താരിഫായി ജനുവരി മുതൽ മേയ് വരെ 10 പൈസ അധികവും ആവശ്യപ്പെട്ടു. ആഗസ്റ്റ് രണ്ടിനാണ് ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.
ഇലക്ട്രിസിറ്റി ആക്ടിലെ സെക്ഷൻ 64 പ്രകാരം അപേക്ഷ ലഭിച്ച് 120 ദിവസത്തിനകം തെളിവെടുപ്പ് പൂർത്തിയാക്കി അന്തിമ തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ.”