വയനാട്ടില്‍ വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ ജനരോഷം അണപൊട്ടിയ പുല്‍പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു.അതേസമയം രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലേക്ക് തിരിക്കും. വാരണസിയില്‍നിന്ന് അഞ്ചുമണിക്ക് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് തിരിക്കും. ന്യായ് യാത്രയ്ക്ക് ഒരുദിവസം അവധി നല്‍കിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്.
വയനാട്ടിൽ വൻ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ എത്തുന്നത്. ഇപ്പോൾ വരാണസിയിലാണ് രാഹുൽ ഗാന്ധിയുള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വരാണസിയിൽനിന്ന് കണ്ണൂരിലെത്തുന്ന രാഹുൽ നാളെ രാവിലെ കൽപ്പറ്റയിലെത്തും.
കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകൾ രാഹുൽ സന്ദർശിക്കും. ഇന്ന് വൈകീട്ടും നാളെ രാവിലെയുമുള്ള പരിപാടികൾ ഒഴിവാക്കിയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. നാളെ വൈകീട്ടോടെ അലഹബാദിലെ പൊതുസമ്മേളനത്തിലേക്ക് രാഹുൽ എത്തുമെന്നാണ് വിവരം. സ്ഥലം എം.പിയായ രാഹുൽ വയനാട് സന്ദർശിക്കാത്തതിനെതിരെ വയനാട്ടിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കാട്ടാനയാക്രമണത്തിൽ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരനായിരുന്ന പോൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് വലിയ പ്രതിഷേധമുയർന്നത്. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. എം.എൽ.എമാരായ ടി. സിദ്ദീഖിനും ഐ.സി ബാലകൃഷ്ണനുമെതിരെ സ്ഥലത്ത് കയ്യേറ്റ ശ്രമമുണ്ടായി. പൊലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
Read Also: അക്ബറിനെയും സീതയെയും ഒരുമിച്ച് പാർപ്പിക്കരുത്; വിചിത്ര ഹർജിയുമായി വിശ്വഹിന്ദു പരിഷത്ത്