ഭൂമിയ്ക്ക് പുറമെ മറ്റു ഗ്രഹങ്ങളിൽ ജീവനുണ്ടോ എന്ന ശ്രമം ശാസ്ത്രജ്ഞർ തുടർന്നുകൊണ്ടിരിക്കുകയാണ്. ഗവേഷണങ്ങൾക്കൊടുവിൽ അങ്ങനെയൊരു ജീവന്റെ കണിക കണ്ടെത്താൻ സാധിച്ചാൽ അത് അത് ഭാവിയിൽ ഭൂമിയെ സഹായിക്കുന്ന പല കണ്ടുപിടുത്തങ്ങളിലേക്കും നയിച്ചേക്കാം. നിലവിൽ പച്ച നിറത്തെ ആണ് ഭൂമിയിലെ ജീവന്റെ ലക്ഷണമായി കണക്കാക്കുന്നത്. ആല്‍ഗകള്‍ മുതല്‍ വലിയ സെക്കോയ മരങ്ങള്‍ വരെ പച്ചനിറത്തിൽ ആണല്ലോ. അതുകൊണ്ടു തന്നെ മറ്റു ഗ്രഹങ്ങളിലും ജീവന്റെ സാന്നിധ്യം ശാസ്ത്രജ്ഞർ തിരയുന്നത് പച്ച നിറത്തെ അടിസ്ഥാനമാക്കിയാണ്.
എന്നാൽ ഇപ്പോഴിതാ പച്ച നിറം മാത്രമല്ല, പര്‍പ്പിളും ജീവനുള്ളതിന്റെ ലക്ഷണമാവാം എന്ന് പഠനങ്ങൾ പറയുന്നു. പച്ചനിറത്തിലുള്ള ക്ലോറോഫിലിന്റെ സഹായത്തോടെ ഓക്‌സിജന്‍ ഉല്പാദിപ്പിക്കുന്നതുകൊണ്ടാണ് ഭൂമിയിലെ പല സസ്യങ്ങള്‍ക്കും ജീവരൂപങ്ങള്‍ക്കും പച്ചനിറം കൈവരാന്‍ കാരണം. എന്നാല്‍ മറ്റൊരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന മറ്റൊരു ഗ്രഹത്തില്‍ കാര്യങ്ങള്‍ മറ്റൊരു രീതിയിലാവാം. കാരണം ബാക്ടീരിയ പോലുള്ള ജീവജാലങ്ങള്‍ക്ക് പ്രകാശം കുറവുള്ളതും ഓക്‌സിജന്‍ ഇല്ലാത്തതുമായ സ്ഥലങ്ങളില്‍ ജീവിക്കാന്‍ കഴിയും.
ഭൂമിയില്‍ തന്നെ അത്തരം സ്ഥലങ്ങളുണ്ട്. അവിടെ പര്‍പ്പിള്‍ നിറത്തിലുള്ള പിഗ്മെന്റുകളുടെ സഹായത്തോടെയാണ് അദൃശ്യമായ ഇന്‍ഫ്രാറെഡ് റേഡിയേഷനില്‍ നിന്ന് ബാക്ടീരിയകള്‍ പ്രകാശ സംശ്ലേഷണം നടത്തുന്നത്. അത്തരം ബാക്ടീരിയകള്‍ ധാരാളമുള്ള ഒരു വിദൂര ഗ്രഹം ഉണ്ടെങ്കില്‍, ജെയിംസ് വെബ്ബ് ദൂരദര്‍ശിനി പോലുള്ള അത്യാധുനിക ബഹിരാകാശ ദൂരദര്‍ശിനികളിലൂടെ നോക്കുമ്പോള്‍ മറ്റൊരു പ്രകാശമായിരിക്കാം ആ ഗ്രഹങ്ങള്‍ സൃഷ്ടിക്കുക. പര്‍പ്പിള്‍ നിറത്തിലുള്ള ബാക്ടീരിയകള്‍ക്ക് പലവിധ സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. അക്കാരണം കൊണ്ടുതന്നെ ജീവന്റെ ആദ്യ ഘട്ടങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളില്‍ അത്തരം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാവാന്‍ സാധ്യതയേറെയാണെന്ന് ഗവേഷകര്‍ പറയുന്നു.
ജെയിംസ് വെബ്ബ് ദൂരദര്‍ശിനി പോലുള്ളവ പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഗ്രഹങ്ങളിലെ പോലും ജീവസാന്നിധ്യം തേടുന്ന ദൗത്യത്തിലാണ്. ഇതുവരെയുള്ള ധാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുക്കിയ ചില ജീവന്റെ അടയാളങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തിരച്ചില്‍. പച്ചനിറവും അതിലൊന്ന് തന്നെ. എന്നാല്‍ പച്ച മാത്രമല്ല പര്‍പ്പിളും ജീവന്റെ അടിയാളമായിരിക്കാം എന്നാണ് കാള്‍ സാഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നത്.
പര്‍പ്പിള്‍ സള്‍ഫര്‍ ബാക്ടീരിയകളേയും മറ്റ് ബാക്ടീരിയകളെയും പഠനവിധേയമാക്കിയാണ് ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തല്‍. മഞ്ഞ, ഓറഞ്ച്, തവിട്ട്, ചുവപ്പ് എന്നിവയുള്‍പ്പെടെയുള്ള നിറങ്ങളിലുള്ള ബാക്ടീരിയകളെയെല്ലാം പര്‍പ്പിള്‍ ബാക്ടീരിയകള്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കാറ്. ഊര്‍ജം കുറഞ്ഞ ഇന്‍ഫ്രാറെഡ് പ്രകാശത്തില്‍ നിന്നുള്ള ഊര്‍ജ്ജം പ്രകാശസംശ്ലേഷണം ചെയ്ത് ജീവിക്കാന്‍ ഈ ബാക്ടീരിയകള്‍ക്ക് സാധിക്കുന്നു. ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളില്‍ ഇത്തരം ജീവന്റെ സാധ്യതയുണ്ടെന്നാണു പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
Read Also: കെ ഫോൺ വൻ വിജയമെന്ന് അധികൃതർ; ആവശ്യക്കാർ ഇടിച്ചുകയറുകയാണ്; 150 കോടി രൂപ ലാഭത്തിലെന്നും റിപ്പോർട്ട്