കണ്ണൂര്‍: കത്തുന്ന ചൂടിൽ കത്തിയമർന്നത് 255 ട്രാന്‍സ്‌ഫോര്‍മറുകള്‍. ചൂട് കൂടിയതോടെ എ.സി, ഫ്രിഡ്ജ്, ഫാൻ എന്നിവയുടെ ഉപയോഗം കൂടിയതോടെ ഉയര്‍ന്ന വൈദ്യുതി ലോഡ് താങ്ങാനാകാതെ ഏപ്രിലില്‍ മാത്രം കേടായ ട്രാൻസ്ഫോർമറുകളുടെ കണക്കാണ് ഇത്. വൈദ്യുതിവകുപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ് ഇത്. അധിക ലോഡ് കാരണത്താലാണ് ഇത്രയും ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തുന്നത്. 2023-24 സാമ്പത്തിക വര്‍ഷം കേരളത്തില്‍ വിവിധ കാരണങ്ങളാല്‍ കത്തിയത് 1100 ട്രാന്‍സ്‌ഫോര്‍മറുകളാണ്. ശരാശരി ഒരുമാസം 85 എണ്ണം.ഏപ്രിലില്‍മാത്രം ആറു കോടിരൂപയ്ക്കുമുകളില്‍ നഷ്ടം വന്നു.
ഒരു 100 കെ.വി.എ. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ 2.50 ലക്ഷത്തിനു മുകളിലാണ് ചെലവ്. ഒരു 11 കെ.വി. ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശരാശരി 600-700 ഗാര്‍ഹിക ഉപയോക്താക്കളുണ്ട്.11 കെ.വി. ലൈനില്‍ ആവശ്യമായ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോള്‍ വോള്‍ട്ടേജ് കുറഞ്ഞു. സെറ്റ് ചെയ്ത ആംപിയര്‍ പരിധിക്കുമുകളില്‍ ലോഡ് വന്നപ്പോള്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ചൂടായി കത്തുകയായിരുന്നു.
ഒരു 11 കെ.വി. ഫീഡറില്‍ മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് ശേഷി. അതില്‍ കൂടുമ്പോഴാണ് തകരാര്‍ സംഭവിക്കുന്നത്. ഇതിനൊപ്പം സബ്സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. കത്തിയവയ്ക്കുപകരം ട്രാന്‍സ്‌ഫോര്‍മര്‍ നല്‍കാനാകാതെ അന്തംവിട്ട് നില്‍ക്കുകയാണ് വൈദ്യുതിവകുപ്പ്.
ഓര്‍ഡര്‍ കൊടുത്ത 1198 ട്രാന്‍സ്ഫോര്‍മറുകള്‍ ഇതുവരെ എത്തിയിട്ടില്ല. 2023-24 വര്‍ഷം 1198 ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ വൈദ്യുതിവകുപ്പ് കെല്ലിനാണ് (കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡ്) നല്‍കിയത്. എന്നാല്‍, ഒരെണ്ണം പോലും ലഭിച്ചില്ലെന്ന് വകുപ്പ് പറയുന്നു. പിന്നീട് വേറൊരു ഏജന്‍സിക്ക് കൊടുത്തെങ്കിലും 200 എണ്ണം മാത്രമാണ് ലഭിച്ചത്.
കഴിഞ്ഞ ഏപ്രില്‍-മേയ് മാസം പീക്ക് ലോഡ് 5024 മെഗാവാട്ട് ആയിരുന്നു. ഈ ഏപ്രിലില്‍ അത് 5500 മെഗാവാട്ടായി. 500 മെഗാവാട്ട് അധികം വന്നു. ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് പ്രവര്‍ത്തനഭാരം കൂടി.