കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കമന്റ് ഇട്ട എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്തു. അധ്യാപികയുടെ വീട്ടിലെത്തിയാണ് കുന്നമംഗലം പൊലീസ് ഒരുമണിക്കൂറോളം ചോദ്യം ചെയ്യൽ നടത്തിയത്. ഈ മാസം 13 ന് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. എസ്എഫ്ഐ യുടെ പരാതി പ്രകാരം അധ്യാപികയ്ക്കെതിരെ കലാപ ആഹ്വാനത്തിനു കേസെടുത്തിരുന്നു.
അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. എൻഐടിയുടെ ആഭ്യന്തരഅന്വേഷണ റിപ്പോർട്ടിനു ശേഷമാകും വകുപ്പു തല നടപടികളുണ്ടാകുക. വ്യാപക പ്രതിഷേധങ്ങളെത്തുടർന്ന് അധ്യാപിക അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ അഭിമാനം കൊള്ളുന്നു’) വെന്നായിരുന്നു കമന്റ്. ‘ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്.
Read Also: ജോലിക്ക് വന്ന ദളിത് സ്ത്രീകൾക്ക് ചിരട്ടയിൽ ചായ നൽകി; രണ്ടു പേർ അറസ്റ്റിൽ