ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രമാണ് ‘പരിവാർ’. തികച്ചും ആക്ഷേപഹാസ്യപരമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്‌സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കിടപ്പിലായ ഒരു മനുഷ്യനും അയാളുടെ മരണവാർത്ത കേൾക്കാൻ കൊതിച്ചിരുന്ന മക്കളുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഇത്തരത്തിലൊരു കഥാ സന്ദർഭം മലയാള സിനിമാ ചരിത്രത്തിൽ മുൻപും ഉണ്ടായിട്ടുണ്ട്, എന്നാൽ, വ്യത്യസ്തമായ അവതരണ ശൈലിയാണ് ഈ ചിത്രത്തെ വേറിട്ടുനിർത്തുന്നത്.
ഹസ്തിനപുരത്തെ ഭാസ്‌കരേട്ടന് രണ്ട് ഭാര്യമാരാണ്, ഇവരിൽ ഭാസ്‌കരേട്ടന് അഞ്ച് മക്കളുമുണ്ട്. മഹാഭാരതത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളുടെയും പേരുകൾ. ഇത്തരത്തിലുള്ള കഥാപാത്രമായ ധർമൻ ആനയുടെ ചവിട്ടേറ്റ് മരിച്ചുപോയി, രണ്ടാമൻ ഭീമൻ, പിന്നെ അർജുനൻ, സഹദേവൻ, നകുലൻ എന്നിങ്ങനെ പോകുന്നു മക്കളുടെ പേരുകൾ.

പണ്ടുകാലത്ത്, ഒരു സായിപ്പ് കൊടുത്ത ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഒരു മോതിരത്തിന് അവകാശിയാണ് ഭാസ്‌കരേട്ടൻ. അച്ഛന്റെ മരണശേഷം അതിന്റെ അവകാശം തട്ടിയെടുക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് അയാളുടെ രണ്ട് ആൺമക്കൾ. ഇവർ തമ്മിലുള്ള മത്സരവും, വാശിയും, കപട സ്നേഹവുമെല്ലാമാണ് ചിത്രത്തെ രസകരമാക്കുന്നത്. അവസാനം മോതിരം ആർക്കു കിട്ടും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിനിമയെ ആകർഷകമാക്കി മാറ്റുന്നത്.
സ്വത്തുക്കളോടുള്ള മനുഷ്യരുടെ അത്യാർത്തിക്കു മുൻപിൽ കുടുംബബന്ധങ്ങൾ പോലും നിസ്സാരമായി തീരുമെന്ന കാര്യം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. ചിരിക്കാൻ മാത്രമല്ല ചിന്തിക്കാനും പ്രേക്ഷകർക്ക് അവസരമൊരുക്കുകയാണ് ‘പരിവാർ’.
ആൻ സജീവ്,സജീവ് പി.കെ. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽകോട്ട, കല- ഷിജി പട്ടണം, വസ്ത്രലങ്കാരം- സൂര്യ രാജേശ്വരി, മേക്കപ്പ്- പട്ടണം ഷാ, എഡിറ്റർ- വി.എസ്. വിശാൽ, ആക്ഷൻ- മാഫിയ ശശി, സൗണ്ട് ഡിസൈൻ- എം.ആർ. കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കെ.ജി. രജേഷ്‌കുമാർ, അസോസിയേറ്റ് ഡയറക്ടർ- സുമേഷ് കുമാർ, കാർത്തിക്, അസിസ്റ്റന്റ് ഡയറക്ടർ- ആന്റോ, പ്രാഗ് സി., സ്റ്റിൽസ്- രാംദാസ് മാത്തൂർ, വി എഫ്എക്‌സ്- അജീഷ് തോമസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, മാർക്കറ്റിംഗ്- റംബൂട്ടൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്, അരുൺ പൂക്കാടൻ, അഡ്വെർടൈസ്മെന്റ്- ബ്രിങ് ഫോർത്ത്.