ആയഞ്ചേരി: കോട്ടപ്പള്ളി റോഡിൽ ഇരുചക്രവാഹന വർക്ക്ഷോപ് ജീവനക്കാരനായ യുവാവിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മർദനത്തിനിരയാക്കിയത്. അരൂർ നടേമ്മലിലെ കുനിയിൽ വിപിനിനെ (22) യാണ് ഇയാൾ ജോലി ചെയ്തിരുന്ന ടാലെന്റ്റ് വർക്ക് ഷോപ്പിൽ എത്തി തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.
മുക്കടത്തുംവയലിലെ തുരുത്തിയിലെത്തിച്ചാണ് മർദിച്ച് അവശനാക്കിയതെന്ന് വിപിൻ പറഞ്ഞു. മർദനത്തിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റ വിപിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമികളെ കണ്ടാൽ തിരിച്ചറിയുമെന്ന് വിപിൻ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.