അമേരിക്കയിൽ ഒരുലക്ഷത്തിലധികം ജീവനക്കാർ ഒരേ ദിവസം വിരമിക്കുന്നു
അമേരിക്കൻ ഫെഡറൽ ഗവൺമെന്റിൽ ചരിത്രത്തിലാദ്യമായി ഒരുലക്ഷത്തിലധികം ജീവനക്കാർ ഒരേ ദിവസം സർവീസിൽ നിന്ന് പടിയിറങ്ങുകയാണ്.
ട്രംപ് ഭരണകൂടം നടപ്പാക്കുന്ന ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ‘സ്വയം വിരമിക്കൽ’ പദ്ധതിയുടെ ഭാഗമായാണ് ഈ കൂട്ടരാജി നടക്കുന്നത്.
ഗവൺമെന്റിന്റെ ഫണ്ടിംഗ് പ്രതിസന്ധി
ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ ഉറപ്പാക്കാൻ കോൺഗ്രസ്സിൽ ബിൽ പാസാക്കണമെന്ന ആവശ്യമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കേന്ദ്രം.
എന്നാൽ, എതിർപക്ഷമായ ഡെമോക്രാറ്റുകൾ ഇതിന് പിന്തുണ നൽകാതിരുന്നത് പ്രസിഡന്റായ ട്രംപിനെ ചൊടിപ്പിച്ചു. ഡെമോക്രാറ്റുകൾ വഴങ്ങാത്ത പക്ഷം ഫെഡറൽ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ അനിവാര്യമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഖത്തർ അമീറിനോട് മാപ്പ് പറഞ്ഞ് നെതന്യാഹു
ചരിത്രത്തിലെ ആദ്യ സംഭവം
സെപ്റ്റംബർ 30-നാണ് രാജിവെപ്പ് ഔദ്യോഗികമായി നടക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ആദ്യമായി അമേരിക്കയിൽ ഇത്രയും വലിയ തോതിൽ ജീവനക്കാർ ഒരുമിച്ച് സർക്കാർ സർവീസിൽ നിന്ന് പിന്മാറുന്നത്.
പദ്ധതിപ്രകാരം ആകെ 2.75 ലക്ഷം പേർ സർവീസ് വിടും. തുടക്കത്തിൽ ഇവരെ എട്ട് മാസത്തെ ലീവിലേക്കാണ് വിടുന്നത്, ശമ്പളവും ആ കാലയളവിൽ ലഭിക്കും.
വിരമിക്കൽ ആനുകൂല്യങ്ങളും സാമ്പത്തിക പ്രതിഫലവും
ഈ വിരമിക്കൽ പദ്ധതിക്കായി സർക്കാർ 14.8 ബില്യൺ ഡോളർ (ഏകദേശം 1.30 ലക്ഷം കോടി രൂപ) ചെലവിടേണ്ടിവരും. എന്നാൽ, ഇത്രയും പേർ സർവീസ് വിട്ടതിനാൽ പ്രതിവർഷം 28 ബില്യൺ ഡോളർ (ഏകദേശം 2.5 ലക്ഷം കോടി രൂപ) ഗവൺമെന്റിന് ലാഭിക്കാനാകുമെന്ന് വൈറ്റ്ഹൗസിന്റെ വിലയിരുത്തൽ.
ഡിഫറഡ് റെസിഗ്നേഷൻ’ ഓഫർ
ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി സാധാരണ വിരമിക്കൽ പദ്ധതി (VRS) മാതൃകയിലാണ്. ‘ഡിഫറഡ് റെസിഗ്നേഷൻ’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഓഫർ സ്വീകരിച്ചാണ് ലക്ഷക്കണക്കിന് ജീവനക്കാർ പടിയിറങ്ങുന്നത്. എന്നാൽ, പലരും സമ്മർദ്ദത്തിലൂടെയാണിത് സ്വീകരിച്ചതെന്ന് ആരോപണമുണ്ട്.
ജീവനക്കാർക്കിടയിൽ ആശങ്കയും അനിശ്ചിതത്വവും
പദ്ധതിയുടെ ഭാഗമായി ജോലി നഷ്ടപ്പെടുന്നവർ പലരും അത് പുറത്തുപറയാതിരിക്കാൻ ശ്രമിക്കുകയാണെന്ന റിപ്പോർട്ടുകളുണ്ട്. പുതിയ ജോലി തേടുന്നതിനും ഭാവിയിൽ ഫെഡറൽ സർവീസിൽ തിരിച്ചെത്തുന്നതിനുമുള്ള സാധ്യത നിലനിർത്താനാണ് അവരുടെ ശ്രമം. ചിലർ ഉടൻ തന്നെ മറ്റൊരു ജോലിക്ക് ശ്രമിക്കാനാണ് ഒരുങ്ങുന്നത്.
ഈ കൂട്ടരാജി അമേരിക്കൻ തൊഴിൽ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെടും. ഫെഡറൽ ഗവൺമെന്റിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ഇതിന്റെ ദീർഘകാല പ്രതിഫലങ്ങൾ എന്തായിരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.









