ഇടുക്കി വണ്ടൻമേട്ടിൽ ബന്ധുക്കൾ തമ്മിൽ കല്യാണ വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്‌കന് കുത്തേറ്റു. പാമ്പാടുംപാറ-മന്നാക്കുടി പറമ്പിൽ ജെ.സതീഷിനാണ് (56) കുത്തേറ്റത്.
സംഭവത്തിൽ മാന്നാക്കുടി സ്വദേശിയും സതീഷിന്റെ ബന്ധുവുമായ പയ്യാനിമണ്ഡപത്തിൽ ഷിന്റോക്കെതിരെ വണ്ടൻമേട് പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി ഒൻപതോടെ മന്നാക്കുടിയിൽ വച്ചാണ് സംഭവം. സതീഷിന്റെ മകൻ അഭിജിത്തിന്റെ കല്യാണ ദിവസമായിരുന്ന ഞായറാഴ്ച വീട്ടിലെത്തിയ പ്രതി അഭിജിത്തിനെ വിളിക്കുകയും ഭീഷണി മുഴുക്കുകയും ചെയ്തു.
തുടർന്ന് ഇത് ചോദ്യം ചെയ്ത സതീഷിനെ ഷിന്റോ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സതീഷ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.