കുംഭമേളയ്ക്ക് ഒരുങ്ങി കേരളം; ഈ മാസം 16 മുതൽ ഫെബ്രുവരി 3 വരെ…മഹാമാഘത്തിന് നേതൃത്വം നൽകുന്നത് ജുന അഖാഡ
മലപ്പുറം: പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടക സംഗമമായ കുംഭമേളയ്ക്ക് കേരളവും സജ്ജമാകുന്നു.
കേരളത്തിലെ കുംഭമേളയായി അറിയപ്പെടുന്ന മഹാമാഘം മലപ്പുറം ജില്ലയിലെ തിരുനാവായയിൽ, നാവാമുകുന്ദ ക്ഷേത്ര സമക്ഷം ഭാരതപ്പുഴയുടെ തീരത്ത് നടക്കും.
ഈ മാസം 16 മുതൽ ഫെബ്രുവരി 3 വരെയാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
2028ൽ വിപുലമായ രീതിയിൽ മഹാമാഘം ആഘോഷിക്കാനാണ് സംഘാടകരുടെ തീരുമാനം.
അതിന് മുന്നോടിയായുള്ള ആത്മീയ ഒരുക്കങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായാണ് ഇത്തവണത്തെ മഹാമാഘം നടക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സന്യാസി സമൂഹമായ ജുന അഖാഡയാണ് മഹാമാഘത്തിന് നേതൃത്വം നൽകുന്നത്.
ഭാരതപ്പുഴയിലെ പുണ്യസ്നാനം, നദിയെ അമ്മയായി ആരാധിക്കുന്ന നിളാ ആരതി, ആചാര്യന്മാരുടെ ആത്മീയ പ്രഭാഷണങ്ങൾ, ജപം, സന്ന്യാസിമാർക്ക് നമസ്‌കരിക്കൽ, സാംസ്കാരിക പരിപാടികൾ എന്നിവ മഹാമാഘത്തിന്റെ ഭാഗമായുണ്ടാകും.
വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർ അവിടുത്തെ ദീപങ്ങളുമായി എത്തി നാവാമുകുന്ദ ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന അഖണ്ഡ ജ്യോതിയിൽ ലയിപ്പിക്കുന്നതും പ്രത്യേക ചടങ്ങാണ്.
മാഘ വൃക്ഷമായി കണക്കാക്കുന്ന ആൽമരത്തിന്റെ തൈ ഭക്തർക്ക് നൽകും. തൈ നട്ടുപിടിപ്പിക്കുന്ന വേളയിൽ രക്ഷാദേവതയെ സങ്കൽപ്പിച്ച് മഹാമാഘത്തിൽ നിന്നു ലഭിച്ച തീർത്ഥം ഒഴിക്കണമെന്ന് ആചാരമുണ്ട്.
ഓരോ ദിവസവും വ്യത്യസ്ത സന്യാസി പരമ്പരകളുടെ ആചാര്യന്മാർ സ്നാനചടങ്ങുകൾക്കും ആത്മീയ പ്രഭാഷണങ്ങൾക്കും നേതൃത്വം നൽകും.
മാതാ അമൃതാനന്ദമയി, ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജ് എന്നിവർ മുഖ്യ രക്ഷാധികാരികളാണ്.
ദേവസ്വം മന്ത്രി വി. എൻ. വാസവൻ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ. കെ. വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ,
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി. കെ. വിജയൻ തുടങ്ങിയവർ ഉൾപ്പെടെയുള്ളവർ രക്ഷാധികാരികളായും പ്രവർത്തിക്കുന്നു.
English Summary
Kerala is preparing for Mahamagham, the state’s version of the Kumbh Mela, to be held at Thirunavaya on the banks of the Bharathapuzha river. The event will take place from January 16 to February 3 as a prelude to the grand Mahamagham planned in 2028. Led by the Juna Akhada, the gathering will feature holy river baths, Nila Aarti, spiritual discourses, rituals, and cultural programs.
kerala-mahamagham-thirunavaya-bharathapuzha
Mahamagham, Kerala Kumbh Mela, Thirunavaya, Bharathapuzha, Navamukunda Temple, Juna Akhada, Hindu pilgrimage, Spiritual gathering, Nilaa Aarti









