ജൂലൈ 26 വരെ മഴ
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ജൂലൈ 26 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ ജൂലൈ 26 വരെ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകട സാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
ഓറഞ്ച് അലർട്ട്
25-07-2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
26-07-2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മഞ്ഞ അലർട്ട്
22-07-2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
23-07-2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
24-07-2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
25-07-2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
26-07-2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ്
കനത്ത മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പെയ്ത കനത്ത മഴയിൽ താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ പെരുമ്പള്ളി ആനപ്പാറപ്പൊയിലിൽ രാധ എന്ന വീട്ടമ്മയുടെ വീടിന്റെ പിൻഭാഗത്തെ ഭിത്തി പൂർണ്ണമായും തകർന്നു.
മൺകട്ടകൾ കൊണ്ട് നിർമ്മിച്ച വീടിന്റെ അടുക്കള ഭാഗമാണ് പൂർണ്ണമായി തകർന്നടിഞ്ഞത്. ഇതോടെ ഈ വീട് വാസയോഗ്യമല്ലാതായി.
രാധയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം ഇപ്പോൾ എവിടെ താമസിക്കണമെന്നറിയാതെ വിഷമിക്കുകയാണ്.
മലമുകളിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന് കാലപ്പഴക്കമുണ്ടായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ പലതവണ അപേക്ഷ നൽകിയിട്ടും തങ്ങളുടെ അപേക്ഷ പരിഗണിക്കപ്പെട്ടില്ലെന്ന് കുടുംബം അറിയിച്ചു.
സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്; നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് വിവധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കാനും അറിയിപ്പുണ്ട്.
അപകടകരമായ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പ്.
കോഴിക്കോട്- കോരപ്പുഴ (കൊള്ളിക്കൽ സ്റ്റേഷൻ), കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ), കണ്ണൂരിലെ പെരുമ്പ (കൈതപ്രം സ്റ്റേഷൻ), കാസറഗോഡിലെ ഷിറിയ (അംഗഡിമൊഗർ സ്റ്റേഷൻ), ഉപ്പള (ഉപ്പള സ്റ്റേഷൻ), നിലേശ്വരം (ചായോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) തുടങ്ങിയിടങ്ങളിൽ ഓറഞ്ച് അലേർട്ടാണ്. വയനാട്ടിലെ കബനി (മുത്തങ്ങ സ്റ്റേഷൻ), കോഴിക്കോട്ടെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ), കണ്ണൂർ- അഞ്ചരക്കണ്ടി (കണ്ണവം സ്റ്റേഷൻ & മെരുവമ്പായി സ്റ്റേഷൻ), കവ്വായി (വെള്ളൂർ റിവർ സ്റ്റേഷൻ), കാസറഗോഡ് ഉപ്പള (ആനക്കൽ സ്റ്റേഷൻ), ചന്ദ്രഗിരി (പള്ളങ്കോട് സ്റ്റേഷൻ), കാര്യംക്കോട് (ഭീമനാടി സ്റ്റേഷൻ) എന്നീ തീരങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
English Summary:
Heavy Rainfall to Continue in Kerala Till July 26, Alerts Issued. The Meteorological Department has warned that heavy rainfall will continue in Kerala till July 26. Orange and yellow alerts have been issued across various districts from today through July 26.