കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പ്രഖ്യാപനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം ∙ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിലെ ചോദ്യോത്തര വേളയിൽ അറിയിച്ചു.
മന്ത്രിയുടെ വിശദീകരണപ്രകാരം, സൂപ്പർഫാസ്റ്റ് വരെയുള്ള കെഎസ്ആർടിസി ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക.
സർക്കാർ കാൻസർ സെന്ററുകൾ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രക്കും ഈ സൗജന്യം ബാധകമായിരിക്കും.
നിലവിലുള്ള ഉത്തരവ് പ്രകാരം കാൻസർ രോഗികൾക്ക് 50 ശതമാനം നിരക്കിൽ ഇളവായിരുന്നു അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ പൂർണമായും സൗജന്യമാക്കുന്നത്.
തെങ്ങ് കയറിയില്ലെങ്കിലും കള്ള് ചെത്തുന്ന ഒരു റോബോട്ട്
2012-ൽ പുറത്തിറക്കിയ, കാൻസർ സെന്ററുകളിലേക്ക് പോകുന്ന അർബുദരോഗികൾക്ക് യാത്രാ ഇളവ് നൽകുന്ന ഉത്തരവിൽ മാറ്റം വരുത്തിയാണ് ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്.
റേഡിയേഷൻ, കീമോ തെറാപ്പി* തുടങ്ങിയ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്ന രോഗികൾക്ക് ഈ സേവനം ലഭ്യമാകും.
പ്രഖ്യാപനം നടത്തുന്നതിനിടെ പ്രതിപക്ഷം ബഹളം വെച്ചപ്പോൾ, മന്ത്രി പരിഹസിച്ച് പറഞ്ഞു: “പ്രതിപക്ഷത്തിന് ഇതൊന്നും വലിയ കാര്യമല്ലെന്ന് തോന്നും, പക്ഷേ ഇത് അവരുടെ ഷെയിം ആയിരിക്കും.”
അതേസമയം, കെഎസ്ആർടിസിയുടെ വരുമാനം അനുദിനം വർധിച്ച് വരികയാണെന്നും, കഴിഞ്ഞ വർഷത്തേക്കാൾ 26 കോടി രൂപയുടെ വർധന രേഖപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
യാത്രക്കാരുടെ എണ്ണം 22 ലക്ഷത്തിലധികം വർധിച്ചു, നഷ്ടം കുറയുന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.