ഇടുക്കി രാജാക്കാട് പേത്തൊട്ടി ഉച്ചിലുകുന്ന് ഭാഗത്തു നിന്ന് അച്ഛനും മകനും ചേർന്ന് ഏലക്ക മോഷ്ടിച്ച കേസിൽ മകൻ അറസ്റ്റിൽ. പേത്തൊട്ടി ഉച്ചിലുകുത്ത് ഭാഗത്തെ ഏലം സ്റ്റോറിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ മൂന്ന് ലക്ഷത്തിലധികം രൂപ വില വരുന്ന മൂന്ന് ചാക്ക് ഏലക്ക മോഷ്ടിച്ച കേസിലാണ് കാമാക്ഷി വലിയപറമ്പിൽ വിപിൻ (22) അറസ്റ്റിലായത്. Father and son steal cardamom worth three lakhs in idukki
വിപിനും പിതാവ് ബിജുവും ചേർന്നാണ് മോഷണം നടത്തിയത്. ബിജു ഒളിവിലാണ്. അണക്കര സ്വദേശിയുടെ സ്റ്റോറിൽ നിന്നാണ് 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്.
കഴിഞ്ഞ ദിവസം ശാന്തൻപാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ സംശയകരമായ സാഹചര്യത്തിൽ ഒരാൾ ഓട്ടം വിളിക്കുകയും പേത്തൊട്ടിയിൽ നിന്നും ഏലക്ക കൊണ്ടുപോകാനാണെന്ന് പറയുകയും ചെയ്തു. സംശയം തോന്നിയ ജോയി രാത്രിയിൽ പട്രോളിങ്ങിന് എത്തിയ ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞു.
ജോയിയെ ഓട്ടം വിളിച്ചയാൾ പേത്തൊട്ടി ഭാഗത്തേക്ക് ബൈക്കോടിച്ചു പോയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പേത്തൊട്ടിയിലേക്ക് പോകുന്നതിനിടെ റോഡിൽ വച്ച് പ്രതി ബൈക്കിൽ ഒരു ചാക്ക് ഏലക്കയുമായി പോകുന്നത് കണ്ടു.
പോലീസിനെ കണ്ടയുടൻ പ്രതി ബൈക്ക് മറിച്ചിട്ട് ശേഷം ഏലത്തോട്ടത്തിലേക്ക് ഓടിപ്പോയി. ഇയാൾ ഉപേക്ഷിച്ചു പോയ ബാഗിൽ നിന്നുമാണ് പ്രതിയുടെ പേരും വിലാസവും പൊലീസിന് ലഭിക്കുന്നത്. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.