തിരുവനന്തപുരത്ത് തോരാമഴയിലും സംഘാടകർ ജില്ലാ സ്കൂൾ കായിക മേള നടത്തിയതിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്ത് എൽഎൻസിപിഇയിലാണ് മത്സരങ്ങൾ നടന്നത്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ട്രാക്കും ഫീൽഡും വെള്ളത്താൽ നിറഞ്ഞിട്ടും കായികമേള നിർത്തിവയ്ക്കാൻ തയാറായില്ല. രാവിലെ 9 മണിക്കായിരുന്നു മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. പതിനൊന്നു മണിയോടെ മഴ തോരാത്ത സാഹചര്യത്തിലാണ് മത്സരങ്ങൾ ആരംഭിക്കാൻ സംഘാടകർ തീരുമാനിച്ചത്. ഓട്ട മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്.
സിന്തറ്റിക് ട്രാക്ക് വെള്ളം നിറഞ്ഞതോടെ താരങ്ങൾ ഓടിയെത്താൻ കായിക താരങ്ങൾ ബുദ്ധിമുട്ടി. സ്പൈക്ക് വെള്ളം നിറഞ്ഞതും കുട്ടികൾക്ക് പ്രതിസന്ധിയായി. തുടർന്ന് പലരും സ്പൈക്ക് ഉപേക്ഷിച്ചാണ് ഓടിയത്. ഓട്ടത്തിനിടയിൽ കുട്ടികൾ തെന്നി വീണ് പരിക്കുപറ്റുകയും ചെയ്തു. മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും മഴ നനയാതെ നിൽക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നില്ല. അതേസമയം, ഉച്ചകഴിഞ്ഞ് നടക്കേണ്ട മത്സര ഇനങ്ങൾ ശനിയാഴ്ച്ചത്തേക്ക് മാറ്റിയത് രക്ഷകർത്താക്കളെ ക്ഷുഭിതരാക്കി. തുടർന്ന് സംഘാടകരുമായി വാക്കുതർക്കവുമുണ്ടായി.
English summary : District School Sports Fair at Toramazha in Thiruvananthapuram; The children slipped and fell while running